VIDEO -സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു; ബസ് നിയന്ത്രിച്ച് ദുരന്തമൊഴിവാക്കി ഏഴാംക്ലാസുകാരൻ
text_fieldsവാഷിങ്ടൺ ഡി.സി: നിറയെ വിദ്യാർഥികളുമായി തിരക്കേറിയ നഗരത്തിലൂടെ വരികയായിരുന്ന സ്കൂൾ ബസിന്‍റെ ഡ്രൈവർ പെട്ടെന്ന് ബോധരഹിതനായി വീണു. അപകടകരമായ രീതിയിൽ ബസ് മുന്നോട്ട്. വൻ ദുരന്തം മുന്നിൽകണ്ട നിമിഷത്തിൽ ഡ്രൈവർക്കരികിലേക്ക് ഓടിയെത്തി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് ഏഴാംക്ലാസ് വിദ്യാർഥി. യു.എസിലെ മിഷിഗൺ സംസ്ഥാനത്തെ വാറെൻ നഗരത്തിലാണ് സംഭവം. ദുരന്തമൊഴിവാക്കിയ ഏഴാംക്ലാസുകാരൻ ഡില്ലോൺ റീവ്സ് താരമായിരിക്കുകയാണ്.
കാർട്ടർ മിഡിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഡില്ലോൺ. പതിവുപോലെ ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസിൽ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. അതിനിടെയാണ് ശാരീരികാസ്വസ്ഥത നേരിട്ട ഡ്രൈവർ ബോധരഹിതനായത് ഡില്ലോണിന്‍റെ ശ്രദ്ധയിൽപെട്ടത്. തിരക്കേറിയ വഴിയിലൂടെയായിരുന്നു ബസ് പോയ്ക്കൊണ്ടിരുന്നത്. ഇതോടെ ബസിൽ കുട്ടികളുടെ കൂട്ടക്കരച്ചിൽ ഉയർന്നു. ഡ്രൈവർ സീറ്റിലേക്ക് ഓടിയെത്തിയ ഡില്ലൺ സ്റ്റിയറിങ് നിയന്ത്രിക്കുകയും ബ്രേക്കിട്ട് ബസ് സുരക്ഷിതമായി നിർത്തുകയും ചെയ്തു. എമർജൻസി നമ്പറിലേക്ക് വിളിക്കാൻ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
പിന്നാലെ പൊലീസും സ്കൂൾ അധികൃതരുമെല്ലാം സ്ഥലത്തെത്തി. വൻ ദുരന്തം ഒഴിവാക്കിയ ഇടപെടൽ നടത്തിയ ഡില്ലോൺ റീവ്സിന്‍റെ ധീരതയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് എല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.