ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തതിനു പിന്നാലെ യുക്രെയ്നിൽ റഷ്യയുടെ സ്ഫോടന പരമ്പര
text_fieldsകിയവ്: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിൽ യുക്രെയ്ൻ സ്‌ഫോടനം നടത്തിയെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെ പുലർച്ചെ യുക്രെയ്‌ൻ തലസ്ഥാനമായ കിയവിൽ ശക്തമായ സ്‌ഫോടന പരമ്പര. സ്ഫോടനത്തിൽ ഇതുവരെ മൂന്നു പേർ കൊല്ലപ്പെട്ടു. യുക്രെയ്നിന്റെ പല നഗരങ്ങളിലും ശക്തമായ ആക്രമണം നടക്കുകയാണെന്ന്
പ്രസിഡന്റിന്റെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ജനങ്ങൾ ഷെൽട്ടറുകളിൽ സുരക്ഷിതരായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രാദേശിക സമയം രാവിലെ 8:15 ഓടെയാണ് കിയവിൽ സ്ഫോടനങ്ങൾ ഉണ്ടായത്. കുറഞ്ഞത് അഞ്ച് സ്ഫോടനങ്ങളെങ്കിലും കിയവിൽ മാത്രം ഉണ്ടായിട്ടുണ്ട്.
നഗരത്തിലെ പല പ്രദേശങ്ങളിലും കറുത്ത പുക ഉയരുന്നതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ കാണുന്നു. ജൂൺ 26 നാണ് റഷ്യ കിയവിൽ അവസാനമായി ആക്രമണം നടത്തിയത്.
ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തിലുണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദി യുക്രെയ്‌നാണെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്ന് പേർ കൊല്ലപ്പെട്ട സ്‌ഫോടനം നടന്നത്.
പാലത്തിലുണ്ടായ സ്‌ഫോടനം സോഷ്യൽ മീഡിയയിൽ യുക്രെയ്ൻകാർ ആഘോഷമാക്കിയിരുന്നു.
എന്നാൽ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, ശനിയാഴ്ച രാത്രി നടത്തിയ പ്രസംഗത്തിൽ, സംഭവത്തെക്കുറിച്ച് പരാമർശിച്ചില്ല. കിയവിലെ ഉദ്യോഗസ്ഥരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടിട്ടില്ല.
സ്‌ഫോടനത്തിന് പിന്നിൽ കിയവ് അല്ലെങ്കിലും അത് യുക്രെയ്‌നിന് വലിയ വിജയമാണെന്ന് വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന് വിരമിച്ച ആസ്‌ട്രേലിയൻ സീനിയർ ഓഫീസർ മിക്ക് റയാൻ പറഞ്ഞു.
'റഷ്യയുടെ സൈന്യത്തിന് അടുത്തിടെ പിടിച്ചെടുത്ത പ്രവിശ്യകളൊന്നും സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ല' അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
അതേസമയം, തെക്കൻ യുക്രെയ്ൻ നഗരമായ സപോരിജിയയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടുവെന്നും അതിൽ ഒരാൾ കുട്ടിയാണെന്നും പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു.ആക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 89 പേർക്ക് പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
റീജിയണൽ ഉദ്യോഗസ്ഥനായ ഒലെക്‌സാണ്ടർ സ്റ്റാറൂഖ്, കനത്ത നാശനഷ്ടം സംഭവിച്ച അപ്പാർട്ട്‌മെന്റ് ബ്ലോക്കുകളുടെ ചിത്രങ്ങൾ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു. അവശിഷ്ടങ്ങൾക്കടിയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.