ആദ്യ പ്രസംഗത്തിൽ കശ്മീർ പ്രശ്നം ഉന്നയിച്ച് ശഹ്ബാസ്; പ്രശ്ന പരിഹാരത്തിന് മോദി മുന്നോട്ടുവരണം
text_fieldsഇസ്‍ലാമാബാദ്: കശ്മീർ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണമെന്ന് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. അതിർത്തികളിലെ ജനത നേരിടുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, മരുന്നുകളുടെ ദൗർലഭ്യം തുടങ്ങിയവ പരിഹരിക്കുന്നതിൽ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രശ്നപരിഹാരത്തിന് നരേന്ദ്ര മോദി മുന്നോട്ടുവരണമെന്നും ശഹ്ബാസ് ശരീഫ് ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.ഇന്ത്യയുമായി മികച്ച ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. എന്നാൽ, കശ്മീർ പ്രശ്നം പരിഹരിക്കുന്നതുവരെ ശാശ്വത പരിഹാരം സാധ്യമല്ലെന്ന് ശഹ്ബാസ് വ്യക്തമാക്കി.
കശ്മീർ താഴ്വര രക്തത്താൽ ചുവന്നിരിക്കുകയാണ്. കശ്മീരികളുടെ രക്തം റോഡുകളിൽ ഒഴുകുന്നു. എല്ലാ അന്താരാഷ്ട്ര വേദികളിലും ഈ വിഷയം ഉന്നയിക്കുന്നതിനു പുറമേ അവർക്ക് നയതന്ത്രപരവും ധാർമികവുമായ പിന്തുണ തുടർന്നും നൽകും. ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധം അതിന്റെ തുടക്കം മുതൽക്കേ നല്ലതല്ല. 2019 ആഗസ്റ്റിൽ ഇന്ത്യ കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയപ്പോൾ നയതന്ത്ര ഇടപെടലുകൾ നടത്താൻ ഇംറാൻ ഖാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ സർക്കാറിനെ അട്ടിമറിച്ചതിന് പിന്നിൽ വിദേശ ഗൂഢാലോചനയാണെന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അവകാശവാദം നാടകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്ത് വിവാദത്തിൽ ഗൂഢാലോചന തെളിഞ്ഞാൽ രാജിവെച്ച് വീട്ടിൽ പോകുമെന്നും ശഹ്ബാസ് ശരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.