'കോവിഡ് നിയന്ത്രണ വിധേയം'- ഷാങ്ഹായിൽ ഇളവുകൾ പ്രഖ്യാപിച്ച് ചൈന
text_fieldsബീജിങ്: ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ചൈന. ജനങ്ങൾക്ക് പുറത്തിറങ്ങാനും ബിസിനസ് സ്ഥാപനങ്ങൾ തുറക്കാനും അനുവദിക്കുന്ന നിരവധി ലോക്ക് ഡൗൺ ഇളവുകൾക്ക് കഴിഞ്ഞദിവസം സർക്കാർ അനുമതി നൽകി. നഗരത്തിലെ കോവിഡ് വ്യാപനം നിയന്ത്രണത്തിലാണെന്നും അതിനാലാണ് ഇളവുകൾ പ്രഖ്യാപിക്കുന്നതെന്നും ആരോഗ്യ ഉദ്യോഗസ്ഥൻ വു ഗാന്യു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മാർച്ച് 28 മുതലാണ് ഷാങ്ഹായിയിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആഴ്ചകളോളം നിണ്ടു നിന്നലോക്ക്ഡൗണിൽ ഇളവ് വരുത്താതിരുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ദിവസങ്ങളോളം അപാർട്ടമെന്‍റുകളിൽ ഒറ്റപ്പെട്ടുപോയ നഗരവാസികൾ സഹായത്തിനായി ആർത്തുവിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി രാജ്യങ്ങൾ ചൈനയുടെ സീറോ കോവിഡ് നയത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
കോവിഡ് പോസിറ്റീവ് ആയവരെയും അവരുമായി സമ്പർക്കം പുലർത്തിയവരെയും ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണെന്ന് വു ഗാന്യു പറഞ്ഞു. ചൈനയുടെ സാമ്പത്തിക മേഖലയെ ലോക്ക്ഡൗൺ സാരമായി ബാധിച്ചതിനാലാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. 2021ലെ അവസാന മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ചൈനയിലെ സാമ്പത്തിക മേഖല ഇടിഞ്ഞതായി ഈ മാസത്തിന്‍റെ ആദ്യവാരം പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.