ഷാങ്ഹായിൽ വീണ്ടും കോവിഡ് ലോക്ഡൗൺ; ഭക്ഷ്യവസ്തുക്കൾക്കായി തിരക്കുകൂട്ടി ജനങ്ങൾ
text_fieldsഷാങ്ഹായ്: കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ ഷാങ്ഹായിയിൽ ഭക്ഷ്യവസ്തുക്കൾക്കായി തിരക്കുകൂട്ടി ജനങ്ങൾ. ലോക്ഡൗണിനെ തുടർന്ന് പലയിടത്തും സൂപ്പർമാർക്കറ്റുകൾ അടച്ചതും ഭക്ഷ്യവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് സ്ഥിതി ഗുരുതരമാക്കിയത്.
വലിയ കോവിഡ് വ്യാപനമാണ് ചൈനീസ് നഗരത്തിലുണ്ടായതെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. അതിനാൽ നിയന്ത്രണങ്ങൾ തൽക്കാലത്തേക്ക് നീക്കാനാവില്ലെന്നാണ് പ്രതികരണം. നിലവിൽ ശേഖരിച്ച സാമ്പിളുകളുടെ ഫലം പുറത്ത് വരുന്നത് വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് ചൈനീസ് ഭരണകൂടം വ്യക്തമാക്കുന്നത്.
നിയന്ത്രണങ്ങളിൽ ജനങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. കൃത്യസമയത്ത് ഭക്ഷ്യവസ്തുക്കൾ ലഭിക്കാത്തതിലും ടെസ്റ്റിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങൾക്ക് പ്രതിസന്ധിയാവുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ ക്വാറന്റീനിലിരിക്കാൻ ചൈനീസ് സർക്കാർ അനുമതി നൽകുന്നുണ്ട്. അതേസമയം, കോവിഡ് ബാധിച്ച മാതാപിതാക്കളിൽ നിന്നും കുട്ടികളെ അകറ്റുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഷാങ്ഹായിയിൽ 16,766 പേർക്കാണ് രോഗലക്ഷണങ്ങളില്ലാതെ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. ലക്ഷണങ്ങളോടെ കോവിഡ് വന്നവരുടെ എണ്ണം 268ൽ നിന്നും 311 ആയി ഉയരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.