തെളിവുകൾ നൽകു, ആരോപണങ്ങളല്ല; നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയോട് ഇന്ത്യ
text_fieldsന്യൂഡൽഹി: ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളോട് വീണ്ടും പ്രതികരിച്ച് ഇന്ത്യ. ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ തെളിവുകൾ നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടതായാണ് വിവരം. പ്രധാനപ്പെട്ട സഖ്യകക്ഷികളെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിലെ പൊള്ളത്തരം ബോധ്യപ്പെടുത്തുമെന്നും കാനഡയുടെ ഭീകരർക്ക് അനുകൂലമായ നിലപാടിനെ തുറന്നുകാട്ടുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിദേശകാര്യമന്ത്രാലയത്തിന്റേയും ദേശീയ സുരക്ഷ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ വിവാദത്തിൽ ഇന്ത്യയുടെ പ്രതികരണം സംബന്ധിച്ച് ധാരണയായത്.
ഇതുപ്രകാരം കാനഡയോട് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് തെളിവുകൾ നൽകാനും അന്വേഷണത്തിന്റെ ഭാഗമാവാനുള്ള സന്നദ്ധതയും നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ അറിയിച്ചു. ഇതിനൊപ്പം കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ട്രൂഡോയെ ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചതെന്നും യു.എസ്, ആസ്ട്രേലിയ പോലുള്ള സൗഹൃദ രാജ്യങ്ങളേയും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
നിലവിൽ ട്രൂഡോയുടെ ന്യൂനപക്ഷ സർക്കാറിനെ പിന്തുണക്കുന്നത് ഖലിസ്താൻ വിഘടനവാദി വിഭാഗമായ ജഗ്മീത് സിങ്ങിന്റെ പാർട്ടിയാണ്. ഇവർക്ക് വേണ്ടിയാണ് ജസ്റ്റിൻ ട്രൂഡോ ഇപ്പോൾ ഇത്തരമൊരു ആരോപണം ഉയർത്തിയിരിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.