കാനഡയിൽ ജൂതർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടുമായി ഇസ്രായേൽ
text_fieldsതെൽ അവീവ്: കാനഡയിൽ ജൂതർക്കെതിരായ കുറ്റകൃത്യങ്ങൾ വൻതോതിൽ വർധിക്കുന്നുവെന്ന റിപ്പോർട്ടുമായി ഇസ്രായേൽ. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം കഴിഞ്ഞതിന് ശേഷം കുറ്റകൃത്യങ്ങൾ വലിയ രീതിയിൽ വർധിച്ചുവെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. മണികൺട്രോളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇസ്രായേൽ പ്രവാസികാര്യമന്ത്രാലയമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ജൂതവിരുദ്ധ, ഇസ്രായേൽ വിരുദ്ധ സംഭവങ്ങൾ കാനഡയിൽ വർധിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒക്ടോബർ ഏഴിന് ശേഷം ജൂതവിരുദ്ധ ആക്രമണങ്ങളിൽ 670 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് വൈനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണ് കുറ്റകൃത്യങ്ങളിൽ വർധന ഉണ്ടായിരിക്കുന്നത്.
ജൂത സ്ഥാപനങ്ങൾക്കെതിരായ വെടിവെപ്പ്, സിനഗോഗുകൾക്കും കമ്യൂണിറ്റി സെന്ററുകൾക്കും എതിരായ ആക്രമണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ടോറന്റോയിൽ 2023 ഉണ്ടായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 19 ശതമാനവും ജൂതരെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ടൊറന്റോയിൽ സ്കുളിന് പുറത്ത് ജൂത പെൺകുട്ടിക്ക് നേരെ വെടിയേറ്റ സംഭവമുണ്ടായിരുന്നു. ഇക്കാര്യത്തിൽ കനേഡിയൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.സംഭവത്തെ അപലപിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജൂതർക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ മൗനം പാലിക്കാനാവില്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.