കുഞ്ഞുങ്ങൾ മുങ്ങുന്നു; സോഷ്യൽ മീഡിയയിൽ
text_fieldsലണ്ടൻ: കോവിഡിനുശേഷം കൗമാരക്കാർക്കിടയിൽ പ്രശ്നകരമായ സമൂഹ മാധ്യമ ഉപയോഗത്തിൽ കുത്തനെ വർധനവുണ്ടായതായി അന്താരാഷ്ട്ര പഠനം പുറത്തുവിട്ടു. 44 രാജ്യങ്ങളിലായി 11, 13, 15 വയസ്സ് പ്രായമുള്ള 2,80,000 കുട്ടികളിൽ സർവേ നടത്തിയ ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗമാണ് ‘ഹെൽത്ത് ബിഹേവിയർ ഇൻ സ്കൂൾ ഏജ്ഡ് ചിൽഡ്രൻ’ (HBSC) എന്ന പേരിലുള്ള പഠനം പ്രസിദ്ധീകരിച്ചത്.
ഇതിൽ പറയുന്നതനുസരിച്ച്, 2022ൽ ശരാശരി 11 ശതമാനം പേർ പ്രശ്‌നകരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ ഇടപഴകുന്നുവെന്നാണ്. 2018ൽ ഏഴു ശതമാനം മാത്രമായിരുന്നു ഇത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നീ ഇടങ്ങളിലെല്ലാം ശരാശരിക്ക് മുകളിലുള്ള കണക്കുകളാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലെ യുവജനങ്ങളുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ച് വലിയ ആശങ്കകൾ ഈ കണ്ടെത്തലുകൾ ഉയർത്തുന്നതായി റിപ്പോർട്ടിന്റെ രചയിതാക്കൾ പറയുന്നു. ആരോഗ്യകരമായ ഓൺലൈൻ പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയ യുവ തലമുറക്ക് അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജ്യനൽ ഡയറക്ടർ ഡോ. ഹാൻസ് ഹെൻട്രി പി. ക്ലൂഗെ പറഞ്ഞു. ഓൺലൈനിൽ ആരോഗ്യകരമായ സമീപനം വളർത്തിയെടുക്കാൻ യുവതയെ സഹായിക്കുന്നതിന് കൂടുതൽ ‘ഡിജിറ്റൽ സാക്ഷരതാ വിദ്യാഭ്യാസം’ ആവശ്യമാണെന്നും സർക്കാറുകളും ആരോഗ്യ അധികൃതരും അധ്യാപകരും രക്ഷിതാക്കളും തങ്ങളുടെ പങ്ക് വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷാദം, ഭീഷണിപ്പെടുത്തൽ, ഉത്കണ്ഠ, മോശം അക്കാദമിക പ്രകടനം എന്നിവയിലേക്ക് നയിച്ചേക്കാവുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെ നശിപ്പിക്കാൻ കൗമാരക്കാരെ സഹായിക്കുന്നതിന് ഉടനടി സുസ്ഥിരമായ നടപടി ആവശ്യമാണെന്ന് പഠനം തെളിയിക്കുന്നു.
13 വയസ്സുകാരിലാണ് പ്രശ്‌നകരമായ ഉപയോഗം സർവ സാധാരണം. കൗമാരത്തിന്റെ ആദ്യ ഘട്ടത്തിൽ ഇത് ഏറ്റവും ഉയർന്നതാണ്. ആൺകുട്ടികളേക്കാൾ ഇത് പെൺകുട്ടികളിൽ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കൂടുതലായി കാണുന്നുവെന്നും പഠനത്തിന്റെ അന്താരാഷ്ട്ര കോ ഓർഡിനേറ്ററായ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ ഡോ. ജോ ഇഞ്ച്ലി പറഞ്ഞു.
കൗമാരക്കാർ ഓൺലൈനിൽ എത്ര സമയം ചെലവഴിക്കുന്നുവെന്നും ഗവേഷണം വെളിപ്പെടുത്തി. മൂന്നിലൊന്ന് പേർ സുഹൃത്തുക്കളുമായും മറ്റുള്ളവരുമായും തുടർച്ചയായ ഓൺലൈൻ സമ്പർക്കത്തിലേർപ്പെടുന്നു. ദിവസം മുഴുവനും മിക്കവാറും സമയങ്ങളിലും അവർ സുഹൃത്തുക്കളുമായും മറ്റുള്ളവരുമായും തങ്ങളെ ഓൺലൈനിൽ ബന്ധിപ്പിച്ചിരിക്കുന്നു. എന്നാൽ, ഓൺലൈനിൽ ചെലവഴിക്കുന്ന മുഴുവൻ സമയവും ദോഷകരമാണെന്ന നിഗമനത്തിൽ സംഘം എത്തിയില്ല. പ്രശ്‌നകരമല്ലാത്തതും ഗൗരവമേറിയതുമായ ഉള്ളടക്കങ്ങളും ബന്ധങ്ങളും തിരയുന്ന കൗമാരക്കാർ സമപ്രായക്കാരുടെ പിന്തുണയും സാമൂഹിക ബന്ധങ്ങളും ആർജ്ജിക്കുന്നതായി റിപ്പോർട്ട് ചെയ്തു.
പ്രശ്നമുണ്ടാക്കുന്ന സോഷ്യൽ മീഡിയ ഉപയോഗമുള്ളവരിൽ ആസക്തി പോലുള്ള ലക്ഷണങ്ങൾ കണ്ടെത്തി. അപകടസാധ്യതയുള്ള ‘ഓൺലൈൻ ഗെയിമിങ്ങി’ ന് അടിപ്പെട്ട കൗമാരക്കാരുടെ കണക്കുകളെക്കുറിച്ചും പഠനം ആശങ്കയുണർത്തുന്നു. പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് ഇതിൽ മുൻപന്തിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.