ശൈഖ് ഹസീന രാഷ്ട്രീയത്തിലേക്ക് മടങ്ങില്ല; മാതാവ് കടുത്ത നിരാശയിലെന്ന് മകൻ സജീബ്
text_fieldsന്യൂഡൽഹി: അവാമി ലീഗ് നേതാവും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയുമായ ശൈഖ് ഹസീന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന് മകൻ സജീബ് വസീദ് ജോയ്. പ്രധാനമന്ത്രി പദം ഒഴിയാൻ ഞായറാഴ്ച മുതൽ മാതാവ് ആലോചിച്ചിരുന്നതായും സജീബ് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച ശൈഖ് ഹസീന, രാജ്യത്തെ നിലവിലെ സംഭവ വികാസങ്ങളിൽ കടുത്ത നിരാശയുണ്ടെന്ന് സജീബ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന സജീബ് വസീദ് ജോയ് എന്നറിയപ്പെടുന്ന സജീബ് അഹമ്മദ് വസീദ് ബംഗ്ലാദേശി വ്യവസായിയും രാഷ്ട്രീയക്കാരനുമാണ്.
'ശൈഖ് ഹസീന ബംഗ്ലാദേശിന് വലിയ തിരിച്ചു വരവാണ് നൽകിയത്. അധികാരം ഏറ്റെടുത്തപ്പോൾ തകർന്ന രാജ്യമായിരുന്നു. ദരിദ്ര രാജ്യവുമായിരുന്നു ഇത്. ഇന്നുവരെ, ഏഷ്യയിലെ വളർന്നു വരുന്ന കടുവകളിൽ ഒന്നായി ബംഗ്ലാദേശ് കണക്കാക്കപ്പെട്ടിരുന്നു. അവർ വളരെ നിരാശയിലാണ്' -സജീബ് ചൂണ്ടിക്കാട്ടി.
'എന്‍റെ മാതാവിന് രാഷ്ട്രീയ മടങ്ങിവരവ് ഉണ്ടാകില്ല. കാരണം, കഠിനാധ്വാനം ചെയ്ത അവർക്കെതിരെ ഒരു ന്യൂനപക്ഷം ഉയർന്ന് വന്നതിൽ നിരാശയുണ്ട്.' -സജീബ് വ്യക്തമാക്കി.
സംവരണ വിഷയത്തിൽ ഭരണകൂടത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ശൈഖ് ഹസീനയോട് രാജിവെക്കാൻ സൈന്യം അന്ത്യശാസനം നൽകിയത്. പ്രധാനമന്ത്രി പദം രാജിവെച്ച് ശൈഖ് ഹസീന രാജ്യംവിട്ടതോടെ കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ നിയന്ത്രണം ഏറ്റെടുത്തു.
ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ പ്രഖ്യാപിച്ചു. രാജ്യത്ത് കർഫ്യൂവിന്‍റെയോ അടിയന്തരാവസ്ഥയുടെയോ ആവശ്യമില്ലെന്നും ഇന്ന് രാത്രിയോടെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും ജനറൽ വാഖിറുസ്സമാൻ വ്യക്തമാക്കി.
ബംഗ്ലാദേശിന്റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് വിദ്യാർഥികൾ അടക്കമുള്ള പ്രക്ഷോഭകർ ആവശ്യപ്പെട്ടത്. പ്രക്ഷോഭത്തിൽ 300ലേറെ പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.