ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി ‘വിപ്ലവ മ്യൂസിയം’
text_fieldsധാക്ക: സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം മ്യൂസിയമാക്കുന്നു. അവരെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്റെ സ്മരണയ്ക്കായി കൊട്ടാരം ‘വിപ്ലവ മ്യൂസിയം’ എന്ന പേരിലാക്കി മാറ്റുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകനും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് പറഞ്ഞു.
ഹസീനയെ പുറത്താക്കിയ വിപ്ലവത്തെ ബഹുമാനിക്കുന്നതിനുള്ള മ്യൂസിയമാക്കി മാറ്റാനാണ് ആലോചന. ‘ശൈഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയപ്പോൾ ഉണ്ടായ ജനങ്ങളുടെ രോഷത്തിന്റെയും ദുർഭരണത്തിന്റെയും ഓർമകൾ മ്യൂസിയം സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറോടെ മ്യൂസിയം നിർമാണം ആരംഭിക്കുമെന്ന് മുഹമ്മദ് യൂനുസിന്റെ ഓഫിസിലെ പ്രസ് ഉദ്യോഗസ്ഥ അപൂർബ ജഹാംഗീർ പറഞ്ഞു. ശൈഖ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിൽ വ്യാപക മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായാണ് ആരോപണം. അവരുടെ രാഷ്ട്രീയ എതിരാളികളെ തടങ്കലിൽ പാർപ്പിച്ചതും കൊലപാതകങ്ങളും ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി ഇടക്കാല സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബംഗ്ലാദേശ് കോടതി ഈ മാസം അവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ശൈഖ് ഹസീനയുടെ ഭരണകാലത്ത് പ്രവർത്തിച്ചിരുന്ന തടവിലാക്കപ്പെട്ടവർ മറ്റാരെയും കാണാൻ അനുവദിക്കാത്ത ‘ഹൗസ് ഓഫ് മിറേഴ്സ്’ എന്ന കുപ്രസിദ്ധമായ തടവറയുടെ ഒരു മാതൃക മ്യൂസിയത്തിൽ ഉൾപ്പെടുത്തും. വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഫലമായി ഈ വർഷം ആഗസ്റ്റ് അഞ്ചിന് അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പ്രക്ഷോഭ കാലത്ത് പൊലീസുകാർ ഉൾപ്പെടെ 700ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.