ശൈഖ് ജർറാഹ്: ഇസ്രായേലി അധിനിവേശം കണ്ണുവെച്ച ഭൂമി; താമസക്കാർ 'അൽനഖ്ബ' ഇരകളായ ഫലസ്തീനികൾ
text_fieldsമസ്ജിദുൽ അഖ്സയെന്ന മുസ്ലിം വിശുദ്ധഭൂമിയോടു ചേർന്ന് നിരവധി മുസ്ലിം കുടുംബങ്ങൾ വസിച്ചുപോരുന്ന ഒരു പ്രദേശം കൂടി അധിനിവേശം നടത്താൻ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ സൈനിക നടപടിയാണ് ഏറ്റവുമൊടുവിൽ ഫലസ്തീനിൽ ചോര വീഴ്ത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും അതുകഴിഞ്ഞ് പ്രതിഷേധത്തിനും സംഗമിച്ചവർക്കു നേരെയായിരുന്നു ഇസ്രായേൽ പൊലീസും സൈന്യവും ചേർന്ന് നരനായാട്ട് നടത്തിയത്. 178 പേർക്ക് പരിക്കേറ്റ അതിക്രമത്തെ യു.എൻ അടക്കം സംഘടനകൾ കടുത്ത ഭാഷയിൽ അപലപിച്ചിട്ടുണ്ട്.
അധിനിവേശ ഭീഷണിയിലുള്ള ശൈഖ് ജർറാഹ് പ്രദേശം മസ്ജിദുൽ അഖ്സയുടെ ഒരു കിലോമീറ്റർ പരിധിയിലാണ്. സലാഹുദ്ദീൻ അയ്യൂബിയുടെ ഡോക്ടറായിരുന്ന ശൈഖ് ജർറാഹ് താമസിച്ച ഭൂമിയെന്ന നിലക്കാണ് പ്രദേശത്തിന് ഈ പേരുവരുന്നത്. 1948ൽ ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് ലക്ഷങ്ങൾ നാടുവിടേണ്ടിവന്നപ്പോൾ നിരവധി കുടുംബങ്ങൾ ഇവിടെ താമസമാക്കിയിരുന്നു. ഇവരുടെ പിന്മുറക്കാർ ഉൾപെടെ 38 മുസ്ലിം കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. ഇതിനോടു ചേർന്ന് ജൂത കുടിയേറ്റങ്ങളും ധാരാളമായുണ്ട്. കുടിയേറ്റം വിപുലമാക്കാൻ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുകയാണ് പദ്ധതി.
എന്നാൽ, ജറൂസലമിന്‍റെ നിലവിലെ ഭരണകർത്താക്കളായ ജോർദൻ സർക്കാർ എല്ലാ രേഖകളും നൽകിയതിനാൽ തങ്ങളെ പുറത്താക്കാനാകില്ലെന്ന് താമസക്കാർ പറയുന്നു. 38 കുടുംബങ്ങളിൽ നാലുപേരെ അടിയന്തരമായി കുടിയിറക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നുപേരെ ആഗസ്റ്റ് ഒന്നിനും പുറത്താക്കും. അവശേഷിച്ചവരുടെ കേസുകൾ ഇസ്രായേൽ കോടതിയിൽ പുരോഗമിക്കുകയാണ്. ശക്തരായ ഇസ്രായേൽ കുടിയേറ്റ ഗ്രൂപുകളാണ് കേസുകളിൽ മറുവശത്തുള്ളത്. അതിനാൽ, ജയിക്കാനാകില്ലെന്ന് ഫലസ്തീനികൾ വിശ്വസിക്കുന്നു.
1967ൽ ജറൂസലം ഇസ്രായേൽ അധിനിവിഷ്ട ഭൂമിയായി മാറിയശേഷം ശൈഖ് ജർറാഹിനുമേൽ ജൂത കുടിയേറ്റ സംഘങ്ങൾ അവകാശവാദം സജീവമാക്കിയിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായി നൽകിയ കേസുകളിലാണ് ഫലസ്തീനികളെ പുറത്താക്കുന്നത് തുടരുന്നത്.
'വിശുദ്ധ താഴ്വര' എന്ന പേരിൽ ശൈഖ് ജർറാഹ് ഉൾപെടുന്ന പ്രദേശം ഉൾപെടുത്തി കൂടുതൽ ജൂത കുടിയേറ്റ ഭവനങ്ങളും പാർക്കുകളുമുൾപെെട നിർമിക്കാൻ ഇസ്രായേലിന് നേരത്തെ പദ്ധതിയുണ്ട്. ഇവക്ക് മുസ്ലിം വീടുകൾ ഇവിടെനിന്ന് മാറണം. അതാണ് പുതുതായി സൈനിക നടപടിയിലേക്കും പ്രതിഷേധങ്ങളിലേക്കും കാര്യങ്ങൾ എത്തിക്കുന്നത്.
അൽഅഖ്സ മസ്ജിദിന് തെക്കുള്ള സിൽവാനിൽ ബത്ൻ അൽഹവ്വയിലുളള 87 ഫലസ്തീനികളെ പുറന്തള്ളാൻ കഴിഞ്ഞ നവംബറിൽ ഇസ്രായേൽ കോടതി അനുമതി നൽകിയിരുന്നു. ഇസ്രായേലിന് രൂപം നൽകിയ ബ്രിട്ടീഷ് സർക്കാർ ഭരിക്കുന്ന ഘട്ടത്തിൽ ഈ ഭൂമി ജൂതരുടെതാണെന്നായിരുന്നു അവകാശവാദം.
സമാനമായി ശൈഖ് ജർറാഹിൽ താമസിച്ചുവരുന്ന 24 ഫലസ്തീനി കുടുംബങ്ങളെ പുറന്തള്ളാൻ 1982ൽ ജൂത കുടിയേറ്റ സംഘങ്ങൾ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. 2002ൽ 43 ഫലസ്തീനികളെ കോടതിയുടെ അനുഗ്രഹാശിസ്സുകളോടെ പുറന്തള്ളി ഭൂമി ജൂത കുടിയേറ്റക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇതിന്‍റെ തുടർച്ചയായാണ് ഇസ്കാഫി, കുർദ്, ജാനോയ്, ഖാസിം കുടുംബങ്ങൾ മേയ് ആറോടെ കുടിെയാഴിയണമെന്ന് കോടതി ഉത്തരവിട്ടത്. മറ്റു കുടുംബങ്ങളെയും ഇവിടെ കഴിയുന്ന കുടിയാന്മാരായാണ് ഇസ്രായേൽ കോടതികൾ കാണുന്നത്. അതിനാൽ കേസുകളിൽ ഏതു നിമിഷവും കുടിയൊഴിപ്പിക്കാനുള്ള ഉത്തരവു വരുമെന്ന ഭീഷണി എല്ലാ കുടുംബങ്ങളിലുമുണ്ട്. പ്രദേശത്തെ ഫലസ്തീനി കുടുംബങ്ങളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ജോർദൻ വിദേശകാര്യ മന്ത്രി ഐയ്മൻ സഫാദി കൈമാറിയിരുന്നു. അവ അവഗണിച്ചും 2020 മുതൽ ഇതുവരെ 13 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ കോടതികൾ ഉത്തരവ് നൽകിയിട്ടുണ്ട്.
ഇവിടെ ഫലസ്തീനികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി അധിനിവേശ വിരുദ്ധ ഇസ്രായേലി സംഘടനകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.