യു.എസ് താരിഫുകൾ വൈകിയതിൽ ആഹ്ലാദ റാലി; ഷെയിൻബോമിനൊപ്പം ആഘോഷവുമായി മെക്സിക്കൻസ്
text_fieldsമെക്സിക്കോ സിറ്റി: രാജ്യത്തെ പല സാധനങ്ങളുടെയും തീരുവ മാറ്റിവെക്കാനുള്ള യു.എസിന്റെ തീരുമാനം ആഘോഷിക്കാൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനൊപ്പം പതിനായിരങ്ങൾ മെക്സിക്കോ സിറ്റിയിൽ ഒത്തുകൂടി. പതാകകൾ പിടിച്ച് ‘മെക്സിക്കോയെ ബഹുമാനിക്കുക!’എന്ന മുദ്രാവാക്യമുയർത്തി ഷെയ്ൻബോമിനൊപ്പം അവർ ആഹ്ലാദം പങ്കുവെച്ചു.
മയക്കുമരുന്ന് കള്ളക്കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിൽ ഷെയിൻബോം പുരോഗതി കൈവരിച്ചതായി പറഞ്ഞുകൊണ്ട്, മെക്സിക്കോയിൽ നിന്നുള്ള നിരവധി ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയത് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒരു മാസത്തേക്ക് മാറ്റിവച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആഘോഷ റാലി.
‘ഭാഗ്യവശാൽ സംഭാഷണവും ആദരവും വിജയിച്ചു’വെന്ന് ഷെയിൻബോം ജനക്കൂട്ടത്തോട് പറഞ്ഞു. ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും മെക്സിക്കോക്ക് തുടർന്നും തീരുവ ബാധകമാകില്ലെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും ട്രംപിന് മുന്നിൽ ‘തണുത്ത തല’യോടെ പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഷെയിൻബോമിന്റെ പിന്തുണക്കാരിൽ 68 വയസ്സുള്ള കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ റോബർട്ടോ ഗൊൺസാലസും ഉണ്ടായിരുന്നു, അദ്ദേഹം ‘നമ്മൾ ഐക്യ മെക്സിക്കക്കാരാണ്’ എന്ന് എഴുതിയ ബോർഡ് ഉയർത്തി. രാജ്യത്തിന്റെ ഐക്യം വളരെ പ്രധാനമാണെന്നും ഗോൺസാലസ് പറഞ്ഞു. മെക്സിക്കോക്ക് ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നിനെ നേരിടാൻ കഴിയുന്ന ഒരേയൊരു മാർഗമാണിതെന്നും കൂട്ടിച്ചേർത്തു.
പ്രസിഡന്റിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 40 വയസ്സുള്ള സാമൂഹിക പ്രവർത്തക മരിയാന റിവേരയും ഉണ്ടായിരുന്നു. രാജ്യത്തിനു മുകളിൽ ഇരുണ്ട മേഘങ്ങൾ തങ്ങിനിൽക്കുന്നുണ്ടെങ്കിലും, പ്രസിഡന്റ് എല്ലാം മറികടക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അവർ പറഞ്ഞു.
പുതിയ നിക്ഷേപങ്ങളെയും മെക്സിക്കൻ സമ്പദ്‌വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുന്ന അനിശ്ചിതത്വത്തിന്റെ അന്തരീക്ഷത്തെ ഈ ആഹ്ലാദ ചടങ്ങ് ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ, തന്റെ ശക്തമായ വാചാടോപത്തിലൂടെ ട്രംപിനെതിരെ ആഭ്യന്തര പിന്തുണ ഏകീകരിക്കാൻ ഇത് ഷെയിൻബോമിനെ സഹായിക്കുമെന്നും വിശകലന വിദഗ്ധർ പറയുന്നു.
62 വയസ്സുള്ള പ്രസിഡന്റ് ശക്തയാണെന്ന പ്രതീതിയുണ്ടെങ്കിലും യു.എസുമായുള്ള സംഘർഷങ്ങൾ കാരണം മെക്സിക്കൻ സമ്പദ്‌വ്യവസ്ഥ വഷളായാൽ അവരുടെ രാഷ്ട്രീയ പിന്തുണ ദുർബലമാകുമോ എന്നത് വ്യക്തമല്ല. പൊതുവായ തീരുവകൾ ഏർപ്പെടുത്തിയാൽ, മെക്സിക്കോക്ക് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 1ശതമാനത്തിൽ കൂടുതൽ ഇടിവ് നേരിടേണ്ടിവരുമെന്ന് മിക്ക വിശകലന വിദഗ്ധരും പറയുന്നു.
മെക്സിക്കോയും കാനഡയുമായുള്ള ഫോൺ സംഭാഷണങ്ങൾക്കുശേഷം ത്രികക്ഷി വ്യാപാര കരാറിന് കീഴിലുള്ള ഉൽപ്പന്നങ്ങൾക്കുള്ള പൊതു തീരുവകൾ ഏപ്രിൽ 2 വരെ താൽക്കാലികമായി നിർത്താൻ ട്രംപ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഫെബ്രുവരി ആദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനായി 10,000 ദേശീയ ഗാർഡുകളെ വടക്കൻ അതിർത്തിയിലേക്ക് അയക്കുമെന്ന് ഷെയിൻബോം വാഗ്ദാനം ചെയ്തതിനെത്തുടർന്നാണ് ട്രംപ് തീരുവകൾ താൽക്കാലികമായി നിർത്തിവെച്ചത്.
ഇതെ തുടർന്ന്, മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വരാനിരുന്ന സ്റ്റീൽ-അലുമിനിയം ഇറക്കുമതിക്ക് 25ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം അനിശ്ചിതത്വത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.