റഷ്യൻ അതിർത്തി നഗരത്തിൽ ഷെല്ലാക്രമണം: 21 മരണം
text_fieldsമോസ്കോ: റഷ്യൻ അതിർത്തിനഗരമായ ബെൽഗോറോഡിലുണ്ടായ ഷെല്ലാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. 110 പേർക്ക് പരിക്കേറ്റു. 22 മാസം മുമ്പ് റഷ്യ യുക്രെയ്ൻ അധിനിവേശം തുടങ്ങിയതു മുതൽ റഷ്യക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്ന് റഷ്യ ആരോപിച്ചു. ബെൽഗോറോഡ് ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച രാത്രി റഷ്യ യുക്രെയ്നിൽ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിനെത്തിയ റഷ്യയുടെ 49 ഡ്രോണുകളിൽ 21 എണ്ണവും വെടിവെച്ചിട്ടതായി യുക്രെയ്ൻ അറിയിച്ചു. കിഴക്കൻ നഗരമായ ഖാർകിവിൽ ഡ്രോൺ ആക്രമണത്തിൽ 28 പേർക്ക് പരിക്കേറ്റു. പല കെട്ടിടങ്ങൾക്കും കേടുപറ്റി. റഷ്യയിൽ യുക്രെയ്ൻ നടത്തിയത് ഭീകരാക്രമണമാണെന്ന് ശനിയാഴ്ച രാത്രി ചേർന്ന അടിയന്തര യു.എൻ രക്ഷാസമിതി യോഗത്തിൽ റഷ്യൻ പ്രതിനിധി ആരോപിച്ചു.
കഴിഞ്ഞദിവസം യുക്രെയ്നിലെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ 18 മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നതിനിടെ, ബെൽഗോറോഡിൽ കാറുകളും മറ്റും കത്തിയമരുന്നതും നഗരമാകെ പുകയിൽ മുങ്ങുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
മോസ്കോയിൽനിന്ന് ബെൽഗോറോഡിലേക്ക് 670 കിലോമീറ്റർ ദൂരമുണ്ട്. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ തിരിച്ചറിഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെക് നിർമിത വാംപയർ റോക്കറ്റുകളും ഓൽഖ മിസൈലുകളുമാണ് ഉപയോഗിച്ചത്.
കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കി. മേയ് മുതൽ പടിഞ്ഞാറൻ റഷ്യയിലെ നഗരങ്ങളിൽ പലപ്പോഴായി ഡ്രോൺ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഇതിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ ഏറ്റെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.