ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; വുഹാന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി
text_fieldsബീജിങ്: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച 5,280 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിതെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. തുടർച്ചയായി രണ്ട് ദിവസം 1,000 കേസുകൾ റിപ്പോർട്ട് ചെയ്തതിലൂടെ ജിലിൻ പ്രവിശ്യയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 3,100 ആയി ഉയർന്നതായും കമീഷന്‍ പറയുന്നു.
വടക്കുകിഴക്കന്‍ പ്രദേശമായ ചാങ്‌ചുനിൽ കോവിഡ് കേസുകളിലെ വർധന കണക്കിലെടുത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച ഹൈടെക് നഗരമായ ഷെൻജെനും അടച്ചു പൂട്ടുകയുണ്ടായി. കോവിഡ് കേസുകളിലെ കുറവിനെത്തുടർന്ന് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ ലഘൂകരിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചൈനയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നത്.
പുതുതായി ലോക്ഡൗൺ പ്രഖ്യാപിച്ച ഷെൻജെൻ നഗരത്തിലെ പ്രദേശവാസികളോട് ആവശ്യസേവനങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പൊതുഗതാഗത സൗകര്യങ്ങൾ നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചതായി ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഷെൻജെനിൽനിന്നുള്ള എല്ലാ യാത്രക്കാരും ന്യൂക്ലിക് ആസിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശം നൽകി.
ഷെൻജെനെ കൂടാതെ ബീജിങ്ങും ഷാങ്ഹായും ഉൾപ്പെടെയുള്ള ചൈനയിലെ പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് കേസുകൾ വർധിക്കുകയാണ്. ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപനശേഷിയാണ് പുതിയ കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായി പ്രാദേശിക അധികാരികൾ പറയുന്നത്. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രദേശങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സജ്ജമായ നടപടി സ്വീകരിക്കണമെന്ന് ചൈനയുടെ വൈസ് പ്രീമിയർ സൺ ചുൻലാൻ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളിലൊന്നാണ് ചൈനയെന്ന് ഒരു മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് ഉണ്ടാകുന്നത്. പ്രാദേശിക ലോക്ഡൗണുകൾക്കൊപ്പം ദേശീയ-അന്തർദേശീയ യാത്രകൾ നിയന്ത്രിക്കാനുള്ള കർശനമായ സീറോ കേസ് നയം സ്വീകരിച്ചതിലൂടെയാണ് ചൈനക്ക് ഈ വിജയം നേടാനായതെന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.