ജപ്പാനെ ഇനി ഷിഗേരു ഇഷിബ നയിക്കും
text_fieldsടോക്യോ: മുൻ പ്രതിരോധ മന്ത്രി ഷിഗേരു ഇഷിബയെ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) യാണ് തെരഞ്ഞെടുത്തത്. നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദ ചൊവ്വാഴ്ച രാജിവെക്കുന്നതോടെ ഇഷിബ ചുമതലയേൽക്കും. ആദ്യ വനിതാ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക സുരക്ഷാ മന്ത്രി സനീ തകയ്ച്ചിയെ പിന്തള്ളിയാണ് 67കാരനായ ഇഷിബ രാജ്യത്തെ സുപ്രധാന പദവിയിലെത്തുന്നത്.
രണ്ടാം ലോക യുദ്ധത്തിനുശേഷം ചില വർഷങ്ങളിലൊഴികെ തുടർച്ചയായി ഭരണം നിലനിർത്തിയ എൽ.ഡി.പിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇത്തവണ ഒമ്പതുപേരാണ് മത്സരിച്ചത്. ഇതിൽ രണ്ടുപേർ വനിതകളായിരുന്നു. അഴിമതി ആരോപണങ്ങൾ നേരിട്ടതിനുപിന്നാലെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായതോടെയാണ് വീണ്ടും മത്സരിക്കാനില്ലെന്ന് ഫുമിയോ കിഷിദ പ്രഖ്യാപിച്ചത്.
അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ മുൻ ബാങ്കറായ ഇഷിബക്ക് കഴിയുമെന്നാണ് എൽ.ഡി.പി വിലയിരുത്തുന്നത്. നാറ്റോ സഖ്യത്തിന് സമാനമായി ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ വേണമെന്ന ആശയക്കാരനാണ് ഇഷിബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.