നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ഷിൻ ബെതിന്‍റെ ശ്രമമെന്ന് മകൻ യായിർ
text_fieldsതെൽ അവീവ്: തന്‍റെ പിതാവ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കാര്യങ്ങളുടെ ചുമതലയുള്ള ‘ഷിൻ ബെത്’ ശ്രമിക്കുന്നതായി മകൻ യായിർ നെതന്യാഹു. തന്‍റെ പിതാവിന്‍റെ സർക്കാറിനെ അട്ടിമറിക്കാനും ഐ.ഡി.എഫ് സൈനികരെ പീഡിപ്പിക്കാനും ‘ഷിൻ ബെത്’ ശ്രമിക്കുന്നുവെന്നാണ് യായിറിന്‍റെ ആരോപണം.
സമൂഹമാധ്യമമായ എക്സിൽ തുടരെയുള്ള കുറിപ്പുകൾ പോസ്റ്റ് ചെയ്താണ് യായിർ ‘ഷിൻ ബെതി’നെതിരെ രംഗത്തുവന്നത്. ഒക്‌ടോബർ 7ന് ഹമാസ് ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേൽ സിം കാർഡുകൾ വ്യാപകമായി ആക്ടിവേറ്റ് ചെയ്യപ്പെട്ടത് നെതന്യാഹുവിന് അറിയാമായിരുന്നെന്ന റിപ്പോർട്ട് മുഴുവൻ തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും യായിർ പറഞ്ഞു. ഒക്ടോബർ 7ന് നടന്ന സൈന്യത്തിന്‍റെ സംഭാഷണങ്ങളും അവർ ഈ ചർച്ചകൾ പ്രധാനമന്ത്രിയിൽ നിന്ന് മറച്ചുവെച്ച വസ്തുതയും ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും യായിർ കുറ്റപ്പെടുത്തി. 60 കളിലെ തെക്കേ അമേരിക്ക പോലെയുള്ള ഒരു ബനാന റിപ്പബ്ലിക്കാണിത്.
ഇപ്പോൾ ഇസ്രായേൽ സൈനികരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഷിൻ ബെത് തന്നെയാണ്, ഏതാനും മാസങ്ങൾക്ക് മുമ്പ് ഷിഫ ആശുപത്രി അഡ്മിനിസ്‌ട്രേറ്ററെ മോചിപ്പിച്ചതെന്നും യായിർ കുറ്റപ്പെടുത്തി.
അമേരിക്കയിലെ ഫ്ലോറിഡയിലാണ് നെതന്യാഹുവിന്‍റെ മകൻ യായിർ കഴിയുന്നത്. ഗസ്സയിൽ യുദ്ധം ആരംഭിച്ചപ്പോൾ, 33കാരനായ മകന്‍റെ സുരക്ഷ വർധിപ്പിക്കണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. പ്രകോപനപരമായ ഓൺലൈൻ പോസ്റ്റുകൾക്ക് ഒന്നിലധികം തവണ യായിർ നിയമ നടപടി നേരിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.