ഷിൻസോ ആബെ വധം: കുടുംബത്തെ ദരിദ്രമാക്കിയതിന് പ്രതികാരം
text_fieldsടോക്യോ: ജപ്പാനിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പ്രതിയായ തെത്സൂയ യമാഗമിയുടെ മാതാവും ഷിൻസോ ആബെയും ഒരു നിഗൂഢ വിശ്വാസ വിഭാഗത്തിൽ അംഗമായിരുന്നുവെന്നും ആബെയുടെ നിർദേശപ്രകാരം വർഷങ്ങൾക്കുമുമ്പ് തന്റെ മാതാവ് വൻതുക ദാനമായി നൽകിയതു വഴി കുടുംബം പാപ്പരായെന്നും യുവാവ് പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്.
കൊലയാളിയായ 41കാരൻ തൊഴിൽ രഹിതനായിരുന്നു. മാതാവ് പാപ്പരാകുകകൂടി ചെയ്തതോടെ സാമ്പത്തിക പ്രയാസങ്ങൾക്ക് കാരണക്കാരനായ ആബെയെ വകവരുത്തുന്നതിലേക്ക് യുവാവ് എത്തി. യൂനിഫിക്കേഷൻ ചർച്ച് എന്ന് അറിയപ്പെട്ട ഫാമിലി ഫെഡറേഷൻ ഫോർ വേൾഡ് പീസ് ആൻഡ് യൂനിഫിക്കേഷനിൽ അംഗമായിരുന്നു യമാഗമിയുടെ മാതാവെന്ന് ചർച്ചിന്റെ ജപ്പാൻ അധ്യക്ഷൻ തൊമിഹിറോ തനാക സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇവർ എത്ര ദാനം നൽകി എന്നു വ്യക്തമാക്കാൻ തനാക വിസമ്മതിച്ചു. 'മൂണീസ്' എന്നാണ് ഈ വിശ്വാസത്തിന്റെ ഭാഗമായവർ വിളിക്കപ്പെട്ടിരുന്നത്. കൾട്ട് നേതാവിനെ തന്നെ ഇല്ലാതാക്കാനാണ് മനസ്സിലുണ്ടായിരുന്നതെന്നും കൂട്ടത്തിൽ ആബെ കൂടി പിന്നീട് തീരുമാനിച്ചതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. 20 വർഷം മുമ്പാണ് ഇയാളുടെ മാതാവ് ദാനം ചെയ്തിരുന്നത്. അതോടെ, കുടുംബം ദരിദ്രാവസ്ഥയിലായി.
1954ൽ ദക്ഷിണ കൊറിയയിൽ സൺ മ്യൂങ് മൂൺ സ്ഥാപിച്ചതാണ് യൂനിഫിക്കേഷൻ ചർച്ച്. ആബെയുടെ മാതാവ് വഴിയുള്ള വല്യച്ഛനും മുൻ പ്രധാനമന്ത്രിയുമായ നൊബുസുകെ കിഷി ഈ ചർച്ച് സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
കഴിഞ്ഞ വർഷം ഈ ചർച്ചിനെ പ്രശംസിച്ച് ആബെ വിഡിയോ സന്ദേശം പുറത്തുവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.