ഷിൻസൊ ആബെയുടെ സംസ്കാരച്ചെലവ് എലിസബത്ത് രാജ്ഞിയുടേതിനേക്കാൾ കൂടുതൽ
text_fieldsന്യൂഡൽഹി: ജപാനിലെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാരം അടുത്തയാഴ്ച നടക്കാനിരിക്കെ, സംസ്കാരച്ചടങ്ങുകളുടെ ചെലവ് സംബന്ധിച്ച് പ്രതിഷേധം രൂക്ഷം. ഈ വർഷം ജൂലൈയിലാണ് ഷിൻസോ ആബെ കൊല്ലപ്പെട്ടത്.
സംസ്കാരചടങ്ങിനായി ജപാനീസ് സർക്കാർ ഏകദേശം 1.66 ബില്യൺ യെൻ (94.1041 കോടി രൂപ) ചെലവഴിക്കാനാണ് തീരുമാനിച്ചത്. ഇത് എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചെലവിനേക്കാൾ കൂടുതലാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരത്തിന് ചെലവായത് ഏകദേശം 1.3 ബില്യൺ യെൻ (73.6959 കോടി രൂപ) ആയിരുന്നുവെന്നാണ് റിപ്പോർട്ട്.
പൊതുജനത്തിന്റെ പണം ഉപയോഗിച്ച് ആബെയുടെ സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനെതിരെ ജപാനിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ആബെയുടെ സംസ്കാരച്ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനുള്ള കരാർ ടോക്കിയോ ആസ്ഥാനമായുള്ള ഇവന്റ് ഓർഗനൈസർ മുരയാമക്കാണ് നൽകിയത്.
ദി ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച്, ജപാനീസ് സർക്കാർ അന്ത്യചടങ്ങുകൾക്ക് 250 ദശലക്ഷം യെൻ ആണ് കണക്കാക്കിയിരിക്കുന്നത്. ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോയുടെ അഭിപ്രായത്തിൽ, ചടങ്ങിന്റെ പൊലീസ് പരിപാലനത്തിനായി ഏകദേശം 800 ദശലക്ഷം യെൻ ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം വിശിഷ്ടാതിഥികൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് 600 ദശലക്ഷം യെൻ ചെലവാകും. ചടങ്ങിന് ആകെ ചെലവ് 1.7 ബില്യൺ യെൻ വരെ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, ടോക്യോ ഒളിമ്പിക്‌സിനായി ജപാൻ 13 ബില്യൺ ഡോളർ ചെലവഴിച്ചതിലും ആളുകൾ അസംതൃപ്തരാണ്. പരിപാടിക്കായി കണക്കാക്കിയ തുകയുടെ ഇരട്ടിയിരുന്നു ഇത്.
ഷിൻസോ ആബെയുടെ സംസ്‌കാരച്ചടങ്ങുകളുടെ ചെലവു സംബന്ധിച്ച എതിപ്പുകൾ തുടരുന്നതിനിടെ ഈയാഴ്ച ആദ്യം ജപാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഓഫീസിന് സമീപം ഒരാൾ സ്വയം തീകൊളുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.