ട്രക്കുകളിലുള്ളത് 22,000 പേർക്ക് ഒരു ദിവസത്തേക്കുള്ള കുടിവെള്ളം മാത്രം; ഗസ്സക്കിത് ഒന്നിനും തികയില്ലെന്ന് യുനിസെഫ്
text_fieldsഗസ്സ: റഫ അതിർത്തി തുറന്നിട്ടും ഗസ്സയുടെ ദുരിതമൊഴിയുന്നില്ല. 23 ലക്ഷം ആളുകളുള്ള ഗസ്സയിലേക്ക് നാമമാത്രമായ സാധനങ്ങളാണ് ട്രക്കുകളിലെത്തിച്ചത്. 20 ട്രക്കുകളാണ് അതിർത്തി കടന്ന് ശനിയാഴ്ച ഗസ്സയിലെത്തിയത്. ഈ ട്രക്കുകളിൽ 44,000 ബോട്ടിൽ കുടിവെള്ളം മാത്രമാണ് ഉള്ളതെന്നും ഇത് 22,000 ആളുകൾക്ക് ഒരു ദിവസത്തെ ഉപയോഗത്തിന് മാത്രമേ തികയുവെന്നും യുനിസെഫ് പറയുന്നു.
ഈജിപ്തഷ്യൻ റെഡ് ക്രസന്റും യു.എൻ ഏജൻസികളുമാണ് ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത്. ശനിയാഴ്ച 20 ട്രക്കുകളാണ് അതിർത്തി വഴി കടത്തിവിട്ടത്. ഗസ്സയിലേക്ക് വേണ്ട ഭക്ഷണവും മരുന്നുകളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളുമാണ് ട്രക്കിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഗസ്സയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നും യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരാഴ്ചയോളം നീണ്ട ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കുമൊടുവിൽ ഈജിപ്ത് അതിർത്തി തുറന്നതോടെയാണ് ട്രക്കുകൾക്ക് ഗസ്സ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഇന്ധന ടാങ്കറുകൾക്ക് അനുമതിനൽകില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിനാൽ ഗസ്സയിൽ വൈദ്യുതിക്ഷാമം തുടരും.
മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾക്ക് ഇത് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കും. വെള്ളിയാഴ്ച രാത്രിയും തുടർന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ ഗസ്സയിൽ 345 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം മരണം 4385 ആയി. 1756 പേർ കുട്ടികളും 967 പേർ സ്ത്രീകളുമാണ്. 13,561 പേർക്ക് പരിക്കേറ്റു.
ഹമാസ് ബന്ദികളാക്കിയ 200ഓളം പേരെ വിട്ടയക്കുന്നതുവരെ ട്രക്കുകൾ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇസ്രായേൽ നിലപാട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അടക്കമുള്ളവർ അതിർത്തിയിലെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് റഫ വഴി ഭാഗികമായെങ്കിലും ചരക്കുനീക്കം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചതും നടപടികൾ വേഗത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.