ഹൂതി ആക്രമണം: ചെങ്കടൽ വഴി കപ്പൽ ഗതാഗതം നിർത്തി; അപകടകരമെന്ന് പെന്റഗൺ മേധാവി
text_fieldsസൻആ: ഇസ്രായേലിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം ശക്തമായ സാഹചര്യത്തിൽ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതായി കപ്പൽ കമ്പനികൾ. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ടാണ് യമൻ ആസ്ഥാനമായുള്ള ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത്. യുദ്ധം തുടർന്നാൽ ഇസ്രായേൽ ബന്ധമുള്ള ഒരു കപ്പൽ പോലും ഇതുവഴി കടത്തിവിടില്ലെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ കപ്പലുകളും പിടിച്ചെടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
സ്വാൻ അറ്റ്ലാന്റിക്, എംഎസ്‌സി ക്ലാര എന്നീ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ നേരത്തെ ആക്രമണമുണ്ടയിരുന്നു. നവംബർ 19ന് ഗാലക്‌സി ലീഡർ എന്ന ചരക്ക് കപ്പൽ ഹൂതികൾ റാഞ്ചിയതാണ് ആദ്യസംഭവം. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടർക്കഥയായതോടെയാണ് ഈ നിർണായക കപ്പൽ പാതയിലൂടെയുള്ള സേവനം അവസാനിപ്പിക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുന്നതെന്ന് കപ്പൽ കമ്പനികൾ അറിയിച്ചു.
ചെങ്കടലിലൂടെയുള്ള എല്ലാ ഗതാഗതവും താൽക്കാലികമായി നിർത്തിവച്ചതായി പ്രമുഖ എണ്ണക്കമ്പനിയായ ബി.പി അറിയിച്ചു. ചെങ്കടൽ വഴി പോകുന്ന തങ്ങളുടെ ചില കപ്പലുകൾ വഴിതിരിച്ചുവിട്ടതായി നോർവീജിയൻ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ഇക്വിനോർ പറഞ്ഞു. ചെങ്കടൽ ഒഴിവാക്കി യാത്ര ചെയ്യുമെന്ന് ഓയിൽ ഷിപ്പിങ് കമ്പനികളായ യൂറോനാവും ഫ്രണ്ട്‌ലൈനും അറിയിച്ചു.
ചെങ്കടലിൽ സുരക്ഷ ഉറപ്പാക്കുന്നത് വരെ ആഫ്രിക്കയ്ക്ക് ചുറ്റുമുള്ള നിരവധി കപ്പലുകൾ വഴിതിരിച്ചുവിടുമെന്ന് ജർമ്മൻ ഷിപ്പിങ് കമ്പനിയായ ഹപാഗ്-ലോയ്ഡ് പറഞ്ഞു. അടുത്ത രണ്ടാഴ്ച ചെങ്കടലിലൂടെ പോകുന്ന തങ്ങളുടെ കപ്പലുകളെ ഗുഡ് ഹോപ്പിലേക്ക് തിരിച്ചുവിടുമെന്ന് തായ്‌വാനീസ് ഷിപ്പിങ് കമ്പനിയായ യാങ് മിങ് ട്രാൻസ്‌പോർട്ട് അറിയിച്ചു.
അതേസമയം, ഹൂതി ആക്രമണം അപകടകരമാണെന്ന് പെന്റഗൺ മേധാവി ആരോപിച്ചു. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ മിഡിൽ ഈസ്റ്റിലെ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്ച വിളിക്കുമെന്ന് ഓസ്റ്റിൻ അറിയിച്ചു. പ്രദേശത്ത് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ധാരാളം വാണിജ്യകപ്പലുകൾ ദിനേന സഞ്ചരിക്കുന്ന കടലിടുക്കുകൾ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.