കപ്പലിടിച്ച് പാലം തകർന്ന സംഭവം: രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു; തിരച്ചിൽ അവസാനിപ്പിച്ചു
text_fieldsബാൾട്ടിമോർ: അമേരിക്കയിലെ മേരിലാൻഡിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പുപാലം തകർന്ന് വെള്ളത്തിൽ വീണ് കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മെക്‌സികോ, ഗ്വാട്ടിമാല സ്വദേശികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പാലത്തിന്റെ മധ്യഭാഗത്തെ തൂണിനടുത്ത് 7.6 മീറ്റർ ആഴത്തിൽ മുങ്ങിക്കിടന്ന ചുവന്ന പിക് അപ് വാനിലുള്ളിലായിരുന്നു മൃതദേഹങ്ങൾ.
തിരച്ചിൽ ശ്രമങ്ങൾ അവസാനിപ്പിച്ചതായി മേരിലാൻഡ് സ്റ്റേറ്റ് പൊലീസ് സൂപ്രണ്ട് കേണൽ റോളണ്ട് എൽ ബട്ട്‌ലർ ജൂനിയർ അറിയിച്ചു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പാലത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കിയ ശേഷമായിരിക്കും ഇനി തിരച്ചിൽ പുനരാരംഭിക്കുക. അതേസമയം, കപ്പൽ പതിവ് എൻജിൻ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെന്നും പ്രശ്നങ്ങളുള്ളതായി അറിയിച്ചിരുന്നില്ലെന്നും കോസ്റ്റ് ഗാർഡ് റിയർ അഡ്മിറൽ ഷാനൻ ഗിൽറെത്ത് പറഞ്ഞു.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ച 1.30ന് നടന്ന അപകടത്തിൽ ആറുപേർ മരിച്ചതായാണ് സംശയിക്കുന്നത്. പാലത്തിൽ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്നവരാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.