ഷിറിൻ അബൂ ആഖില; ഇസ്രായേൽ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകയെ അറിയാം
text_fieldsവളരെ അടുത്തുനിന്ന് മുഖത്തേക്ക് വെടിയുതിർത്താണ് ഇസ്രായേൽ സൈനികർ 'അൽ ജസീറ' ചാനൽ റിപ്പോർട്ടറും ഫലസ്തീനിയുമായ ഷിറിൻ അബൂ ആഖില എന്ന പ്രമുഖ മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തിയത്. ഇസ്രയേൽ ക്രൂരതയിൽ ഞെട്ടിയിരിക്കുകയാണ് ലോകം. റമദാൻ വ്രതാരംഭം മുതൽ ഏകപക്ഷീയമായ ആക്രമണം ആണ് ഇസ്രായേൽ ഫലസ്തീനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെയാണ് ഷിറിന്റെ കൊലപാതകം.
"ജനങ്ങളുമായി അടുത്തിടപെഴകാനാണ് ഞാൻ പത്രപ്രവർത്തനം തെരഞ്ഞെടുത്തത്. യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്നത് അത്ര എളുപ്പമായിരിക്കില്ല. പക്ഷേ, എനിക്ക് അവരുടെ ശബ്ദം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരണം. ഞാൻ ഷിറീൻ അബു ആഖിലയാണ്" - ഒരു ചാനൽ അഭിമുഖത്തിൽ ഷിറീൻ അബൂ ആഖില പറഞ്ഞ വാക്കുകളാണിത്.
ആഖില അവസാനമായി സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്ന ദ്യശ്യം ജനിനിലേക്ക് ഇസ്രയേൽ അധിനിവേശം റിപ്പോർട്ട് ചെയ്യാൻ സ്വയം കാർ ഓടിച്ചുപോകുന്നതാണ്. അനീതികളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന, ഫലസ്തീനിന്‍റെ ശബ്ദമായി മാറിയ ഷിറീനെ സംബന്ധിച്ചിടത്തോളം ജനിന്‍ നഗരത്തിലെ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് അത്രയും പ്രധാനപ്പെട്ടതായിരുന്നു. എന്നാൽ തുറന്നുപറച്ചിലുകൾ മുഴുവനാകാതെ ജെനിനിലെ ആക്രമണം റിപ്പോർട്ട് ചെയുന്നതിനിടെ ഷിറീന്‍ വെടിയേറ്റ് കൊല്ലപ്പെട്ട വാർത്തയാണ് പിന്നീട് ലോകം കേട്ടത്. ആ യാത്രക്ക് മടക്കമില്ലാതായിരിക്കുന്നു.
"അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭയാനകമായ കുറ്റകൃത്യം" എന്നാണ് ആഖിലയുടെ കൊലപാതകത്തെ അൽ ജസീറ വിശേഷിപ്പിച്ചത്. 'പ്രസ് ' എന്ന് വ്യക്തമായി അടയാളപ്പെടുത്തുന്ന ഒരു ജാക്കറ്റ് ധരിച്ച ഷിറീനെ വെടിവെച്ചിടുന്ന സൈനിക ക്രൂരകൃത്യത്തെ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും അപലപിച്ചിട്ടുണ്ട്. ഷിറീന്‍റെ മരണത്തിന് ഇസ്രായേൽ സൈന്യം പൂർണ്ണ ഉത്തരവാദിയാണെന്ന് താന്‍ കരുതുന്നതായി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും വ്യക്തമാക്കിയിട്ടുണ്ട്.
1971ൽ ജറുസലേമിൽ ജനിച്ച ഷിറീന്‍ അബു ആഖില ചെറുപ്പം മുതലേ ഇസ്രായേൽ ഫലസ്തീന്‍ സംഘർഷങ്ങൾ കണ്ടറിഞ്ഞു തന്നെയാണ് വളർന്നത്. അനീതികളെക്കുറിച്ച് ലോകം വ്യക്തമായി അറിയേണ്ടതുണ്ടെന്ന ആ നിശ്ചയ ദാർഢ്യമാണ് അവരിലെ പത്രപ്രവർത്തകയെ രൂപപ്പെടുത്തിയത്. ഷിറിന്‍റെ ജീവിതവും മരണവും ഒരുപോലെ ഇസ്രായേൽ കുറ്റകൃത്യങ്ങളുടെ തെളിവാണെന്നും ഫലസ്തീനിലെ ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ഷിറീനെന്നുമാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ മുൻ വക്താവായ ഡയാന ബട്ട് ട്വിറ്റ് ചെയ്തത്. ഫലസ്തീനിലെ നീതി നിഷേധങ്ങളെക്കുറിച്ചുള്ള ഷിറീൻ അബു ആഖിലയുടെ റിപ്പോർട്ടുകൾ കേട്ടും പഠിച്ചും വളർന്ന തങ്ങൾക്ക് ഈ വാർത്ത നൽകുന്ന ആഘാതം വലുതാണെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.