Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശിറീ​െൻറ ജീവിതം; അഥവാ,...

ശിറീ​െൻറ ജീവിതം; അഥവാ, ചോര കൊണ്ടുള്ള ഐക്യദാർഢ്യം

text_fields
bookmark_border
Al Jazeera reporter
cancel
camera_alt

ഇസ്രായേൽ സൈന്യത്തിന്റെ വെടിയേൽക്കുമ്പോൾ ശിറീൻ അബു ആഖില ധരിച്ചിരുന്ന ജാക്കറ്റ് സഹപ്രവർത്തകരെ കാണിക്കുന്ന അൽ ജസീറയുടെ ഫലസ്തീൻ ബ്യൂറോ മേധാവി വാലിദ് അൽ ഉമരി, (ഇൻസൈറ്റിൽ ശിറീൻ അബു ആഖില)

Listen to this Article

ജറൂസലം: അൽജസീറയുടെ റാമല്ല ബ്യൂറോയിലേക്ക് ബുധനാഴ്ച രാവിലെ 6.13 നാണ് ശിറീൻ അബു ആഖിലയുടെ ഇ-മെയിൽ എത്തുന്നത്. അതിങ്ങനെയായിരുന്നു- ''അധിനിവേശ സേന ജനീനിൽ കടന്ന് ജബ്രിയയിലെ വീട് ഉപരോധിച്ചിരിക്കുന്നു. ഞാനവിടേക്കുള്ള യാത്രയിലാണ്. കാര്യങ്ങൾ വ്യക്തമായാലുടൻ ചിത്രങ്ങളും വാർത്തകളും അയക്കാം''. ശിറീൻ പറഞ്ഞ ആ വാർത്ത പക്ഷേ, പിന്നീടൊരിക്കലും വന്നില്ല. പകരം, കൃത്യം ഒരു മണിക്കൂറിനുള്ളിൽ ശിറീൻ സ്വയം തന്നെ സ്തോഭജനമായ വാർത്തയായി മാറുകയായിരുന്നു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ പട്ടാളത്തിന്റെ കിരാത നടപടികൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയായിരുന്നു എന്നും ശിറീൻ അബു ആഖിലയുടെ ദൗത്യം. '97 ൽ അൽ ജസീറയിൽ ചേർന്നതുമുതൽ ബുധനാഴ്ച രാവിലെ വെടിയേറ്റ് മരിക്കുന്നതു വരെയും അവരത് തുടന്നുകൊണ്ടേയിരുന്നു.

ജൂത പട്ടാളത്തിന്റെയും കുടിയേറ്റക്കാരുടെയും കണ്ണിലെ കരടായിരുന്നു എന്നും ശിറീൻ. അവർ ഒളിപ്പിക്കാൻ ആഗ്രഹിക്കുന്നതെല്ലാം ശിറീൻ മിഴിവോടെ സമൂഹത്തിന് കാട്ടിക്കൊടുത്തു. രണ്ടാം ഇൻതിഫാദ കൊടുമ്പിരികൊള്ളുന്ന കാലം. ഫലസ്തീൻ നഗരമായ റാമല്ലയിലാണ് അന്ന് ശിറീൻ ജോലി ചെയ്യുന്നത്. അൽജസീറക്ക് വേണ്ടി ശിറീന്റെ ലൈവ് റിപ്പോർട്ടിങ് നടക്കുകയാണ്. അതിനിടക്ക് കാമറയുടെ ഫ്രെയിമിലേക്ക് കടന്നുവന്ന ഇസ്രായേൽ സൈനികർ ശിറീന്റെ അതിപ്രശസ്ത ഉപസംഹാര വാചകമായ ''ശിറീൻ അബു ആഖില, അൽ ജസീറ, റാമല്ല'' എന്നതിനെ പരിഹസിച്ച് അനുകരിക്കുകയും അവർക്ക് പിന്നിൽ നിന്ന് കുഴലൂതുകയും ചെയ്തു. ഫലസ്തീനിലെ അൽ ജസീറയുടെ മുഖമായിരുന്നു ശിറീൻ.

ബത്‍ലഹേമിലെ ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു ജനനം. മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. കിഴക്കൻ ജറൂസലമിലെ ബെയ്ത് ഹനീനയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആർകിടെക്ചറിലായിരുന്നു ആദ്യ ഭ്രമം. അതിനായി ജോർഡൻ സർവകലാശാലയിൽ ചേർന്നെങ്കിലും പാതിയിൽ ഉപേക്ഷിച്ചു. പിന്നീടാണ് മാധ്യമപഠനത്തിലേക്ക് തിരിഞ്ഞത്. വോയ്സ് ഓഫ് ഫലസ്തീൻ, റേഡിയോ മോണ്ടികാർലോ എന്നിവയിലായിരുന്നു ആദ്യം ജോലി. അന്നും ഫലസ്തീനികളുടെ ദുരിതം തന്നെയായിരുന്നു ശിറീന്റെ വിഷയം. '97 ലാണ് അൽ ജസീറ അറബിയിൽ ചേരുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ അൽ ജസീറയുടെ മുഖമായി മാറി.

കിഴക്കൻ ജറൂസലമിൽ താമസിച്ച് വെസ്റ്റ്ബാങ്ക് പട്ടണങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്തായിരുന്നു റിപ്പോർട്ടിങ്. ഇസ്രായേൽ സൈന്യം കൊലപ്പെടുത്തുന്ന ഫലസ്തീനികളുടെ സംസ്കാര ചടങ്ങുകളിലും നിത്യസാന്നിധ്യമായിരുന്നു അവർ.

ഇസ്രായേലിന്റെ അനന്തമായ തടവിൽ കഴിയുന്ന ഫലസ്തീനികളുടെ കുടുംബാംഗങ്ങളുടെ ദുരന്ത ജീവിതം അവർ പ്രേക്ഷകരെ കാട്ടി. തകർക്കപ്പെട്ട വീടുകളുടെ മുന്നിൽ നിന്ന് ലോകത്തോട് അവർ ചോദ്യങ്ങളെറിഞ്ഞു. ഹൃദയം നുറുങ്ങുന്ന കഥകൾ ശിറീന്റെ ആഴമേറിയ ശബ്ദത്തിൽ അറബ് ലോകം കേട്ടുകൊണ്ടേയിരുന്നു. ആ ശബ്ദം നിലച്ചു. സ്വന്തം ജീവൻ കൊണ്ട് ശിറീൻ ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shireen Abu AqlehAl Jazeera journalist
News Summary - Shireen life; Or, solidarity with blood
Next Story