വിവാഹചടങ്ങിനിടെ വരനെ അറസ്റ്റ് ചെയ്തു; ചങ്ക് തകർന്ന വധു ആശുപത്രിയിൽ
text_fieldsവിയന: ആസ്ട്രിയയിൽ വെച്ച് വിവാഹം കഴിക്കാനായിരുന്നു 40 കാരിയായ ഗുണ്ടുലയും 27 കാരനായ ഹംസയും തീരുമാനിച്ചിരുന്നത്. അതനുസരിച്ച് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്യുകയും ചെയ്തു. എന്നാൽ വിവാഹ ദിവസം കാര്യങ്ങൾ മാറിമറിഞ്ഞു. ആസ്ട്രിയയിലെ വൊസെൻഡോർഫ് കാസിൽ ആയിരുന്നു വിവാഹവേദി. ചടങ്ങ് നടക്കുന്നതിനിടെ പൊലീസ് ഹംസയെ അറസ്റ്റ് ചെയ്യാനെത്തി. ഇമിഗ്രേഷൻ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് കണ്ട ഗുണ്ടുലയുടെ ചങ്ക് തകർന്നു. അതിന്റെ ആഘാതത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഈ 40 കാരി.
10 ദിവസംമുമ്പാണ് ആസ്ട്രിയയിൽ അഭയം തേടിയുള്ള ഹംസയുടെ അപേക്ഷ തള്ളിയത്. അവിടെ സ്ഥിരതാമസം ലഭിക്കാനുള്ള മാർഗമായാണ് ഹംസ വിവാഹത്തെ കണക്കാക്കിയതെന്ന് പൊലീസ് കരുതി. അങ്ങനെയാണ് അറസ്റ്റ് ചെയ്യാനെത്തിയത്. ജർമനിയിൽ ജനിച്ച ഗുണ്ടുല 17 വർഷം മുമ്പാണ് വിയനയിൽ എത്തിയത്. വരനെ നാടുകടത്തുന്നതിന് മുമ്പ് ജാമ്യത്തിൽ വിട്ടുകിട്ടാനുള്ള പോരാട്ടത്തിലാണ് അവരിപ്പോൾ.
തന്റെ അടിസ്ഥാനാവശ്യങ്ങൾ കൂടിയാണ് കുടിയേറ്റ പൊലീസ് ലംഘിച്ചിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. പവിത്രമായ ഒരു കർമം നടക്കുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. അധികൃതരുടെ പെരുമാറ്റം നിയമവിരുദ്ധമാണെന്ന് അവരുടെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. വിവാഹിതയാകുക എന്നത് എന്റെ അവകാശമാണ്. അതാണ് പൊലീസ് അലങ്കോലമാക്കിയതെന്ന് ഗുണ്ടുല പറഞ്ഞു.
2022 മുതൽ ആസ്ട്രിയയിലുണ്ട് ഹംസ. ഒന്നരവർഷം മുമ്പാണ് ഇരുവരും പ്രണയബദ്ധരായത്. വിവാഹത്തിന് 10 ദിവസം മുമ്പാണ് ഹംസ അഭയം തേടി അധികൃതർക്ക് അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ തള്ളി. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്. ഇപ്പോൾ സംഭവിച്ച കാര്യങ്ങളെല്ലാം ഭീകരമാണെന്നും ഗുണ്ടുല പറഞ്ഞു.
ഹംസയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആസ്ട്രിയൻ അധികൃതരുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല. ദിവസങ്ങൾക്കു മുമ്പ് മെക്സിക്കോയിൽ വിവാഹകേക്ക് മുറിക്കുന്നതിന് തൊട്ടുമുമ്പ് വധുവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.