ടൊയോട്ടോയെ ‘ലോകം ചുറ്റിച്ച’ ഷോയ്ചിറോ ടൊയോഡ അന്തരിച്ചു
text_fieldsടോക്യോ: വാഹന നിർമാതാക്കളായ ടൊയോട്ടയെ ലോകത്തിന്റെ മുൻനിരയിലെത്തിച്ച ഷോയ്ചിറോ ടൊയോഡ (97) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യമെന്ന് ടൊയോട്ട മോട്ടോർ കോർപറേഷൻ അറിയിച്ചു. അമേരിക്കയിൽ അടക്കം ടൊയോട്ടയുടെ പ്ലാന്റുകൾ ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. 1937ൽ ടൊയോട്ട മോട്ടോർ കമ്പനിക്ക് തുടക്കമിട്ട അകിയോ ടൊയൊഡയുടെ മൂത്തമകനാണ് ഷോയ്ചിറോ.
1947ൽ നഗോയ സർവകലാശാലയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം 1952ലാണ് ടൊയോട്ടയിൽ പ്രവേശിച്ചത്. 1982ൽ ഇദ്ദേഹം പ്രസിഡന്റായ ശേഷമാണ് ടൊയോട്ട അമേരിക്കൻ വിപണിയിൽ അടക്കം നിർണായക സ്വാധീനശക്തിയായി മാറിയത്. തൊഴിലാളികൾക്കൊപ്പം ഒരുമിച്ചായിരുന്നു ജോലി. കമ്പനിയുടെ ധാർമികത, കാര്യക്ഷമത, നവീകരണം, ഗുണമേന്മ എന്നിവക്കെല്ലാം സഹായകമായത് ഈ സമയത്തെ പ്രവർത്തനമായിരുന്നു.
സഹോദരൻ ടാറ്റ്സുറോ ടൊയോഡയുടെ സഹായത്തോടെയാണ് ഷോയ്ചിറോ വടക്കൻ അമേരിക്കയിൽ നിർമാണ കമ്പനി സ്ഥാപിച്ചത്. ജനറൽ മോട്ടോഴ്സുമായി ചേർന്ന് 1983ൽ കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ പ്ലാന്റ് തുടങ്ങി. 1984ൽ ആദ്യ കാർ പുറത്തിറക്കി. 2007ൽ യു.എസ് ഓട്ടോമോട്ടിവ് ഹാൾ ഓഫ് ബഹുമതിക്ക് അർഹനായി.
നെയ്ത്തുജോലി ചെയ്യുന്ന അമ്മയെ സഹായിക്കാൻ സകിച്ചി ടൊയോഡ വീട്ടുമുറ്റത്തെ ഷെഡിൽ ഓട്ടോമാറ്റിക് തറി കണ്ടുപിടിച്ചതോടെയാണ് ടൊയോട്ടയുടെ തുടക്കം. 1933ൽ സകിച്ചിയുടെ മകൻ കിച്ചിറോ ടൊയോഡയാണ് കാറുകൾ നിർമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെങ്കിലും സകിച്ചിയുടെ മറ്റൊരു മകനായ അകിയോ ടൊയോഡയാണ് 1937ൽ കാർ നിർമാണ കമ്പനിയായ ടൊയോട്ടക്ക് തുടക്കമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.