ഫിലാഡൽഫിയയിൽ ബസുകൾക്കു നേരെ വെടിവെപ്പ്: എട്ടു പേർക്ക് പരിക്കേറ്റു
text_fieldsഫിലാഡൽഫിയ: യു.എസിലെ ഫിലാഡൽഫിയയിൽ സിറ്റി ബസുകൾക്കു നേരെയുണ്ടായ വെടിവപ്പിൽ എട്ടു പേർക്ക് പരിക്കേറ്റു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ പ്രദേശത്താണ് വെടിവെപ്പ് നടന്നതെന്ന് തെക്കുകിഴക്കൻ പെൻസിൽവാനിയ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി സെപ്റ്റയുടെ വക്താവ് ജോൺ ഗോൾഡൻ പറഞ്ഞു. പരിക്കേറ്റവരെ ഐൻസ്റ്റൈൻ മെഡിക്കൽ സെൻ്ററിലേക്കും ജെഫേഴ്‌സൺ ടോറസ്‌ഡെയ്ൽ ഹോസ്പിറ്റലിലേക്കും കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
റൂട്ട് 18, റൂട്ട് 67 ബസുകൾക്കു നേരെയാണ് വെടിവെപ്പുണ്ടായത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോളുകൾ ലഭിച്ചതായും അവിടെ എത്തിയപ്പോൾ വെടിയേറ്റ ഏഴ് പേരെ കണ്ടെത്തിയതായും പോലീസ് വക്താവ് ഓഫീസർ ടാനിയ ലിറ്റിൽ പറഞ്ഞു. ദിവസങ്ങൾക്കുള്ളിലുണ്ടായ നാലാമത്തെ വെടിവെപ്പ് സംഭവമാണിത്.
ക്രോസൻ എലിമെൻ്ററി സ്കൂളിന് സമീപമാണ് വെടിവെപ്പുണ്ടായതെന്നും ഏതെങ്കിലും വിദ്യാർത്ഥികൾ ഇരകളാക്കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഫിലാഡൽഫിയ സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ചീഫ് മോണിക്ക് ബ്രാക്സ്റ്റൺ പറഞ്ഞു. കഴിഞ്ഞ ചൊവ്വ, തിങ്കൾ ദിവസങ്ങളിലും ബസ് സ്റ്റേഷനുകളിലും ബസിനുള്ളിലും വെടിവെപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ 17 വയസ്സുള്ള വിദ്യാർത്ഥി കൊല്ലപ്പെടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എല്ലാ സംഭവങ്ങളിലും സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി കമ്മീഷണർ ഫ്രാങ്ക് വാനോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.