ലബനാനിൽ യു.എസ് എംബസിക്കുനേരെ വെടിവെപ്പ്
text_fieldsബൈറൂത്: ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ യു.എസ് എംബസിക്ക് സമീപം വെടിവെപ്പ്. നഗരത്തിന്റെ വടക്കൻ ഭാഗത്തെ ഔകറിൽ സ്ഥിതി ചെയ്യുന്ന എംബസി സമുച്ചയത്തിനു സമീപത്തെത്തിയ നാട്ടുകാരനായ യുവാവ് ഗേറ്റിനു സമീപം വെടിയുതിർക്കുകയായിരുന്നു.
ജീവനക്കാർക്കും കെട്ടിടത്തിനും കേടുപാടുകളില്ല. ഇസ്രായേലിനെതിരെയും യു.എസിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെതിരെയും കടുത്ത രോഷം നിലനിൽക്കുന്നതിനിടെയാണ് ആക്രമണം. പട്ടാളക്കാരുമായി വെടിവെപ്പിനിടെ പരിക്കേറ്റ അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ അണിഞ്ഞ വേഷത്തിൽ ഐ.എസ് എന്ന് എഴുതിയിരുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ പറയുന്നു. ഇയാൾ എത്തിയ മോട്ടോർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടുത്ത സുരക്ഷാവലയത്തിലുള്ള ഇവിടെ അക്രമി എങ്ങനെ എത്തിയെന്ന് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും തോക്കുധാരി ഇവിടെ യു.എസ് എംബസിക്കുനേരെ വെടിയുതിർത്തിരുന്നു.
അതിനിടെ, തെക്കൻ ഇസ്രായേലിലെ നെഗേവിൽ സൈനിക താവളത്തിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒമ്പത് സൈനികർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില അതിഗുരുതരമാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.