സിദ്ദീഖ് കാപ്പനെതിരായ ദേശദ്രോഹ കുറ്റം: മോദിക്ക് അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ കത്ത്
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാൻ ദേശദ്രോഹവിരുദ്ധ നിയമം ഭരണകൂടങ്ങൾ ദുരുപയോഗിക്കുന്നതു തടയാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മാധ്യമരംഗത്തെ അന്താരാഷ്ട്ര സംഘടനകളായ ഇൻറർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഹാഥറസിലേക്കുള്ള യാത്രയിൽ യു.പി പൊലീസ് പിടികൂടിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അടക്കം അഞ്ചു മാധ്യമപ്രവർത്തകർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയത് കത്തിൽ ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ രാഷ്ട്രീയ നേതൃത്വം മാറണമെന്ന് അഭിപ്രായപ്പെട്ട 'ഫേസ് ദി നേഷൻ' ന്യൂസ് പോർട്ടലിെൻറ ധവൽ പട്ടേൽ, ലോയ കേസിൽ സുപ്രീംകോടതി വിധിെയക്കുറിച്ച കാർട്ടൂൺ പങ്കുവെച്ച ഛത്തിസ്ഗഢിലെ 'ഭൂമികാൽ സമാചാർ' എഡിറ്റർ കമൽ ശുക്ല, കോവിഡ് പ്രതിരോധ തയാറെടുപ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ഹിമാചൽപ്രദേശിലെ പ്രമുഖ പത്രപ്രവർത്തകൻ വിനോദ് ദുവ എന്നിവരാണ് ദേശദ്രോഹക്കേസ് നേരിടുന്ന മറ്റുള്ളവർ.
കോവിഡ് പ്രതിസന്ധി മറയാക്കുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തി. ലോക്ഡൗൺ കാലത്ത് ചുരുങ്ങിയത് 55 ജേണലിസ്റ്റുകൾക്കുനേരെ ഭരണകൂടത്തിെൻറ പ്രതികാര നടപടി ഉണ്ടായി. മൂന്നു വർഷം വരെ ജയിൽശിക്ഷ കിട്ടാവുന്ന ദേശദ്രോഹക്കേസ് അടക്കം ചുമത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാനും അനാവശ്യമായ കേസുകൾ ഉപേക്ഷിക്കാനും ബന്ധപ്പെട്ട സർക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.