പൈതൃകത്തിന്റെ അടയാളപ്പെടുത്തൽ; യുനെസ്കോ പദവിയുടെ പത്താംവാർഷികം ആഘോഷിച്ച് അൽസുബാറ
text_fieldsദോഹ: നൂറ്റാണ്ടുകൾ പഴക്കമുള്ള ഖത്തറിന്റെ ചരിത്ര പൈതൃകമായ അൽ സുബാറ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയതിന്റെ പത്താം വാർഷികം ആഘോഷിച്ച് ഖത്തർ മ്യൂസിയംസ്. സൗദി അറേബ്യയിലെ റിയാദിലായിരുന്നു ഖത്തർ മ്യൂസിയംസ് പ്രതിനിധികളും യുനെസ്കോ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുരാവസ്തു ഗവേഷകരുമെല്ലാം ഒന്നിച്ച വേദി.
സൗദിയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യ, ഡോ. നാസിർ അൽ ഹിൻസബ്, യുനെസ്കോയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി സലാഹ് ഖാലിദ്, യുനെസ്കോ ദോഹ, വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ഡയറക്ടർ ഉൾപ്പെടെ പ്രമുഖർ ചരിത്രം അടയാളപ്പെടുത്തപ്പെട്ട നിമിഷത്തിന്റെ വാർഷികത്തിൽ ഒത്തുചേർന്നു.
അൽസുബാറയുടെ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും അനുസ്മരിച്ച ചടങ്ങ്, യുനെസ്കോ പദവി നേടിയ ശേഷമുള്ള ദശകത്തിലെ നേട്ടങ്ങളും വെല്ലുവിളികളും ഉയർത്തിക്കാട്ടുകയും തുടർസംരക്ഷണത്തിനുള്ള, ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഓർമപ്പെടുത്തലുമായി.
18ാം നൂറ്റാണ്ടിൽ ഖത്തറിന്റെ അന്താരാഷ്ട്ര ഭൂപടത്തിലെ ശ്രദ്ധേയമായ മികവും വ്യാപാരബന്ധവും മുത്തുവാരലിന്റെയും വിൽപനയുടെയുമെല്ലാം കേന്ദ്രവുമായി ശ്രദ്ധേയമായ ഇടമായിരുന്നു രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ തീരമേഖലയിലെ അൽസുബാറ. മണൽക്കുന്നുകളെന്ന അർഥത്തിൽ അറിയപ്പെടുന്ന അൽസുബാറക്ക്, പുരാതന ഇസ്ലാമിക ചരിത്രത്തോളംതന്നെ പ്രാധാന്യവുമുണ്ട്.
പുരാതന കോട്ടകളും തുറമുഖങ്ങളുടെ ശേഷിപ്പുകളും ഗ്രാമീണ ജീവിതത്തിന്റെ ഭാഗങ്ങളുമെല്ലാം കണ്ടെടുത്ത് സംരക്ഷിക്കപ്പെടുന്ന അൽസുബാറ 2013ലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്നത്. ലോകമെങ്ങുമുള്ള ചരിത്രാന്വേഷികളുടെയും പുരാവസ്തു ഗവേഷകരുടെയുമെല്ലാം പ്രധാന സന്ദർശന കേന്ദ്രം കൂടിയായിമാറി അൽസുബാറ.
കഴിഞ്ഞ പതിറ്റാണ്ട് കാലയളവിനുള്ളിൽ ഖത്തർ മ്യൂസിയത്തിനുകീഴിൽ അൽസുബാറയുടെ ഘടനയും ചരിത്രനിർമിതികളും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ സംരക്ഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചരിത്രപ്രദേശത്തിന്റെ ആധികാരികതയും സമഗ്രതയും കാത്തുസൂക്ഷിക്കുന്ന നിരവധി പുനരുദ്ധാരണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
അൽസുബാറയുടെ പഠനവും പ്രചാരണവുമായി ബന്ധപ്പെട്ട് ശിൽപശാലകൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ എന്നിവ നൽകുന്നതിന് സർവകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഖത്തർ മ്യൂസിയം സഹകരിച്ച് പ്രവർത്തിക്കുന്നു.
സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കാനും ഇതുസംബന്ധിച്ച അറിവ് പകരാനും ആഗോളപ്രാധാന്യം ഉയർത്താനും ലക്ഷ്യമിട്ട് ഖത്തർ മ്യൂസിയം അൽസുബാറയുടെ ഭാവിവികസനത്തിനായി പ്രത്യേക പദ്ധതിതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്.
ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻഖലീഫ ആൽഥാനിയും അൽസുബാറയുടെ പൈതൃക പദവി വാർഷികത്തിന്റെ സന്തോഷം പങ്കുവെച്ചു. മേഖലയുടെ സമ്പന്നമായ ഭൂതകാലവും 18ാം നൂറ്റാണ്ടിലെ മുത്തുവാരൽ വ്യാപാരത്തിന്റെ ചരിത്രവുമെല്ലാം ഉൾകൊള്ളുന്ന ഇടമാണ് അൽസുബാറയെന്ന് സമൂഹമാധ്യമ അക്കൗണ്ടിൽ അൽസുബാറ കോട്ടയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.