സംസ്കാര ചടങ്ങുകളിലും ലാളിത്യം
text_fieldsവത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ താമസിച്ചിരുന്ന അപോസ്റ്റോലിക് പാലസിലെയും സാന്റ മാർത്ത ഹോട്ടലിലെയും അപ്പാർട്മെന്റുകൾ തിങ്കളാഴ്ച വൈകീട്ടോടെ പൂട്ടി മുദ്രവെച്ചു. ഇത് ആചാരപരമായ പ്രക്രിയയാണ്. മരണം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ചുമതല കർദിനാൾ കെവിൻ ഫാരെല്ലിനായിരുന്നു.
കൊട്ടാരംവിട്ട് വത്തിക്കാൻ സിറ്റിയുടെ മറുഭാഗത്തുള്ള സാന്റ മാർത്തയുടെ രണ്ടുമുറി സ്വീറ്റിലായിരുന്നു പാപ്പയുടെ താമസം. അവിടെ വെച്ചായിരുന്നു മരണവും. ഭൗതികദേഹം പിന്നീട് ഹോട്ടൽ ലോബിയിലെ ചാപ്പലിലേക്ക് മാറ്റി. ചൊവ്വാഴ്ച വത്തിക്കാനിലെ പുരോഹിത സമൂഹം അന്ത്യോപചാരമർപ്പിച്ചു. അന്ത്യചടങ്ങുകളും ലാളിത്യമുള്ളതാകണമെന്ന് ഫ്രാൻസിസ് മാർപാപ്പക്ക് നിർബന്ധമുണ്ടായിരുന്നു.
അതനുസരിച്ച് മാറ്റങ്ങളും വരുത്തി. മൃതദേഹം പരമ്പരാഗതമായി വെക്കാറുള്ള മൂന്നറയുള്ള ശവപേടകത്തിനുപകരം ലളിതമായ പേടകമാണ് ഒരുക്കിയത്. ഇതിനകത്തായി നാകത്തിന്റെ (സിങ്ക്) പേടകവുമുണ്ട്. സെന്റ് പീറ്റേഴ്സിൽ എത്തിക്കുമ്പോൾ ശവപേടകം പതിവുപോലെ ഉയർത്തിവെക്കില്ല.
സംസ്കാരത്തിനുപിന്നാലെ ഒമ്പതുനാൾ നീളുന്ന ദു:ഖാചരണമുണ്ടാകും. ഇത് ‘നോവെൻദിയാലി’ എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് കർദിനാൾമാർ റോമിലെത്തി വിശാല സമ്മേളനത്തിന് (കോൺക്ലേവ്) മുന്നോടിയായി കൂടിക്കാഴ്ചകൾ നടത്തും. പാപ്പയുടെ ദേഹവിയോഗത്തിനുശേഷം 20 ദിവസങ്ങൾക്കുള്ളിൽ തന്നെ സമ്മേളനമുണ്ടാകും. നേരത്തെയാകാനും സാധ്യതയുണ്ട്. സമ്മേളനത്തിൽ കർദിനാൾമാർ സിസ്റ്റിൻ ചാപ്പലിൽ രഹസ്യവോട്ടു ചെയ്യും.
വോട്ടു നടപടികൾ പൂർത്തിയായ ശേഷം ബാലറ്റുകൾ പ്രത്യേക അടുപ്പിൽ തീയിടും. കറുത്ത പുക ഉയർന്നാൽ പുതിയ മാർപാപ്പയുടെ കാര്യത്തിൽ തീരുമാനമായില്ല എന്നും വെളുത്ത പുകയാണെങ്കിൽ കർദിനാൾമാർ കത്തോലിക്ക സഭയുടെ പുതിയ നായകനെ തെരഞ്ഞെടുത്തു എന്നുമാണ് അർഥം. മൂന്നിൽ രണ്ടുവോട്ടു നേടുന്നയാളാണ് വിജയി.
മാർപാപ്പയാകാനുള്ള സന്നദ്ധത വിജയശേഷം നിയുക്ത വ്യക്തി അംഗീകരിച്ചാൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാൽക്കണിയിൽ നിന്ന് കർദിനാൾമാരിലൊരാൾ പ്രഖ്യാപനം നടത്തും. ലാറ്റിൻ ഭാഷയിൽ ‘ഹബീമസ് പാപം’ എന്നായിരിക്കും പ്രഖ്യാപനം. നമ്മൾക്ക് മാർപാപ്പയായിരിക്കുന്നു എന്നാണ് ഇതിന്റെ അർഥം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.