12 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ; ആദ്യ രാജ്യമായി സിംഗപൂർ
text_fieldsസിംഗപൂരിൽ കൗമാരക്കാർക്കും കോവിഡ് വാക്സിൻ നൽകുന്നു. 12-18 പ്രായപരിധിയിലുള്ളവർക്ക് നാളെ മുതൽ വാക്സിൻ നൽകാനാണ് തീരുമാനം. അതോടെ കൗമാരക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകും സിംഗപൂർ. വിദ്യർഥികളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്താൽ പുതിയൊരു രോഗവ്യാപന സാധ്യത തടയാമെന്ന് പ്രധാനമന്ത്രി ലീ സീൻ ലൂങ് പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ കഴിയുന്ന മുഴുവനാളുകൾക്കും സിംഗപൂർ ദേശീയ ദിനമായ ആഗസ്റ്റ് ഒമ്പതിനകം ഒരു ഡോസെങ്കിലും വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരിലെ മൂന്നിലൊന്ന് ആളുകൾക്ക് ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങൾ സിംഗപൂർ എടുത്തുകളഞ്ഞിരുന്നു. കോവിഡ് കേസുകളിൽ നേരിയ വർധന വന്നതോടെ മേയ് മാസത്തിൽ വീണ്ടും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. ജൂൺ 13 വരെയാണ് നിലവിലുള്ള നിയന്ത്രണങ്ങൾ. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സമ്പർക്ക പട്ടിക ഉണ്ടാക്കി ക്വാറൻറീൻ ചെയ്യിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ സിംഗപൂർ ഇപ്പോഴും തുടരുന്നുണ്ട്.
ഫൈസർ, മൊഡേണ വാക്സിനുകളാണ് സിംഗപൂർ പ്രധാനമായും ഉപയോഗിക്കുന്നത്. ജോൺസൺ & ജോൺസൺ, ആസ്ട്രസെനിക, സിനോഫാം തുടങ്ങിയ വാക്സിനുകൾ സ്വകാര്യ ആശുപത്രികളിൽ വിതരണം ചെയ്യാനുള്ള അനുമതി ഇന്ന് സിംഗപൂർ പ്രഖ്യാപിച്ചിട്ടുണ്ട്.
സമീപ രാജ്യങ്ങളോട് താരതമ്യം ചെയ്യുേമ്പാൾ സിംഗപൂരിലെ കോവിഡ് കേസുകൾ വളരെ കുറവാണ്. തിങ്കളാഴ്ച 16 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇൗ മാസം കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് മേയ് 16 ന് ആയിരുന്നു. 38 പേർക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.