യൂനിസ് കൊടുങ്കാറ്റിൽ 'ന്യൂട്ടന്റെ ആപ്പിൾ മര'വും വീണു
text_fieldsലണ്ടൻ: ബ്രിട്ടണിൽ മണിക്കൂറിൽ നൂറു മൈലിലേറെ വേഗത്തിൽ ആഞ്ഞടിച്ച യൂനിസ് കൊടുങ്കാറ്റിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിലെ ആകർഷക കേന്ദ്രമായിരുന്ന 'ന്യൂട്ടന്റെ ആപ്പിൾ മരം' നിലംപൊത്തി. സർ ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തി ഗുരുത്വാകർഷണം കണ്ടുപിടിക്കാൻ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് വെള്ളിയാഴ്ച കനത്ത കാറ്റിൽ നിലംപതിച്ചത്.
ഗുരുത്വാകർഷണ ബലം കണ്ടുപിടിക്കാൻ നിമിത്തമായ യഥാർഥ ആപ്പിൾ മരത്തിന്റെ ക്ലോൺ ആയിരുന്ന ഈ ആപ്പിൾ മരം ഏറെ സന്ദർശകരെ ആകർഷിച്ചിരുന്നതാണ്. 1954ലാണ് ഈ മരം കേംബ്രിഡ്ജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ 68 വർഷമായി സസ്യോദ്യാനത്തിലെ ആകർഷക കേന്ദ്രമായിരുന്ന മരം ഹണി ഫംഗസ് ബാധ മൂലം നാശത്തിന്റെ വക്കിലെത്തിയിരുന്നു.
ലിങ്കൺഷെയറിൽ ഗ്രാൻഥമിനു സമീപമുള്ള വൂൾസ്ത്രോപ് മാനറിലെ ന്യൂട്ടന്റെ വസതിയുടെ മുന്നിലായിരുന്നു യഥാർഥ മരമുണ്ടായിരുന്നത്. ഇതിൽ നിന്നു ക്ലോൺ ചെയ്തെടുത്ത മൂന്ന് മരങ്ങളാണ് നിലവിൽ ലോകത്തുള്ളത്. അവയിലൊന്ന് നിലംപതിച്ചത് അത്യധികം ദുഃഖകരമാണെങ്കിലും ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ക്ലോണുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങുമെന്ന് ബോട്ടാണിക്കൽ ഗാർഡന്റെ ചുമതലയുള്ള സാമുവല്‍ ബ്രോക്കിങ്ടണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.