ഈസ്റ്റർ ബോംബാക്രമണത്തിൽ കത്തോലിക്കരോട് മാപ്പുപറഞ്ഞ് സിരിസേന
text_fieldsകൊളംബോ: ശ്രീലങ്കയിൽ 2019ലുണ്ടായ ഈസ്റ്റർ ബോംബാക്രമണത്തിൽ രാജ്യത്തെ ന്യൂനപക്ഷമായ കത്തോലിക്ക സമൂഹത്തോട് മാപ്പുചോദിച്ച് മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. നാഷനൽ തൗഹീദ് ജമാഅത്ത് എന്ന പ്രാദേശിക തീവ്രവാദ സംഘടനയുടെ നേതൃത്വത്തിൽ മൂന്നു കത്തോലിക്ക ചർച്ചുകളിലും ഹോട്ടലുകളിലുമായി 2019 ഏപ്രിൽ 21ന് നടത്തിയ ചാവേർ പരമ്പര സ്ഫോടനത്തിൽ 270ലധികം പേരാണ് മരിച്ചത്.
ഒമ്പതു ചാവേറുകളാണ് അന്ന് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഫ്രീഡം പാർട്ടിയുടെ രാഷ്ട്രീയ കൂട്ടായ്മയിൽ സംസാരിക്കവെയാണ് സിരിസേന മാപ്പുചോദിച്ചത്. സംഭവത്തിൽ സിരിസേന ഇരകൾക്ക് നഷ്ടപരിഹാരമായി 100 ദശലക്ഷം ശ്രീലങ്കൻ രൂപ നൽകണമെന്ന് ജനുവരി 12ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ മുൻ പ്രസിഡന്റിന് കോടതിയലക്ഷ്യത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടിവരും. ഭീകരാക്രമണത്തിനുശേഷം സിരിസേന നിയോഗിച്ച അന്വേഷണ കമീഷൻതന്നെ അദ്ദേഹം ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതായി കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, അന്നത്തെ പ്രതിരോധ വകുപ്പാണ് സുരക്ഷാപാളിച്ചകൾക്കും ആക്രമണങ്ങൾക്കുമുള്ള സാഹചര്യമുണ്ടാക്കിയതെന്നാണ് സിരിസേനയുടെ നിലപാട്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും സിരിസേന കഴിഞ്ഞ ദിവസം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.