ആറു ലക്ഷം പേർ യുക്രെയ്ൻ വിട്ടു
text_fieldsബുഡപെസ്റ്റ്: വെടിയൊച്ച കനക്കുന്ന യുക്രെയ്നിൽനിന്ന് ജീവനും കൈയിൽപിടിച്ച് അയൽനാടുകളിലെത്തിയവരുടെ എണ്ണം ആറുലക്ഷം കവിഞ്ഞു. ഒട്ടുമിക്ക യുക്രെയ്ൻ നഗരങ്ങളിലും റഷ്യൻ ആക്രമണം രൂക്ഷമായതോടെ ബെലറൂസ് ഒഴികെയുള്ള അയൽരാജ്യങ്ങളിലേക്കെല്ലാം ആളുകൾ പ്രവഹിക്കുകയാണ്. യുക്രെയ്ൻ പൗരന്മാർക്കൊപ്പം ധാരാളം വിദേശികളും രക്ഷതേടിയെത്തുന്നുണ്ട്. പോളണ്ട്, ഹംഗറി, സ്ലോവാക്യ, റുമേനിയ, യൂറോപ്യൻ യൂനിയനിൽ അംഗമല്ലാത്ത മൾഡോവ തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തി ചെക്പോസ്റ്റുകളിൽ കാറുകളുടെയും ബസുകളുടെയും അറ്റമില്ലാത്ത വരിയാണ് ഒരാഴ്ചയായി കാണുന്നത്.
ഹംഗേറിയൻ അതിർത്തിഗ്രാമമായ ബെരെഗ്സുരനിയിലെ താൽക്കാലിക സ്വീകരണകേന്ദ്രത്തിൽ യുക്രെയ്നിൽനിന്നുള്ള നൂറുകണക്കിന് പേർ, നഗരങ്ങളിലേക്കെത്താനായി വാഹനങ്ങൾ കാത്തിരിക്കുകയാണ്. യുക്രെയ്ൻകാരല്ലാത്തവർ തങ്ങളുടെ നാടുകളിലേക്ക് എത്തിപ്പെടാനായി വിമാനത്താവള നഗരങ്ങളിലേക്കാണ് നീങ്ങുന്നത്. ഇന്ത്യക്കാരും നൈജീരിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരുമെല്ലാം ഇവിടെയുണ്ട്.
കാർപാത്യൻ മലനിരകളിൽ സ്കീയിങ് വിനോദത്തിനായി ആഴ്ചകൾക്കു മുമ്പ് എത്തിയ യുക്രെയ്ൻകാരി മരിയ പാവുൽഷ്കോ, ഇനിയെങ്ങോട്ട് എന്നറിയാതെ ബുഡപെസ്റ്റിൽ കുടുങ്ങിയിരിക്കുകയാണ്. കിയവിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള സൈത്തോമിറിൽനിന്നുള്ള ഈ ഐ.ടി പ്രഫഷനലിന്റെ മുത്തശ്ശി മാത്രമാണ് വീട്ടിലുള്ളത്. ''പോളണ്ടിലുള്ള അമ്മയുടെ അടുത്തേക്ക് വേണമെങ്കിൽ പോകാം. പക്ഷേ, വീട്ടിൽ മുത്തശ്ശി ഒറ്റക്കാണ്. നഗരത്തിൽ യുദ്ധം തുടങ്ങിയെന്നും എങ്ങും വെടിയൊച്ചകളാണെന്നുമാണ് മുത്തശ്ശി പേടിയോടെ പറയുന്നത്'' -മരിയ പറയുന്നു. അതേസമയം, റഷ്യൻ അധിനിവേശകർക്കെതിരെ പൊരുതാനായി പിതാവ് വീടുവിട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ ഓർത്ത് അഭിമാനമുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ ടേണോപിലിലെ മെഡിക്കൽ കോളജിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥി മസ്റൂർ അഹ്മദെന്ന 22 കാരനും 18 സുഹൃത്തുക്കളും ബുഡപെസ്റ്റിലെത്താനാണ് അതിർത്തി കടന്നെത്തിയത്. അവിടെ നിന്ന് ഇന്ത്യൻ വിമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മസ്റൂർ പറയുന്നു. ആഫ്രിക്കയിൽനിന്നും പശ്ചിമേഷ്യയിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള അഭയാർഥികൾക്ക് പ്രവേശനാനുമതി നൽകാറില്ലാത്ത ഹംഗറി ഇപ്പോൾ യുക്രെയ്നിൽ നിന്നുള്ള എല്ലാവർക്കും അനുമതി നൽകുന്നുണ്ട്. ഇത്തരക്കാർക്ക് വിമാനത്താവളങ്ങളിലെത്താൻ 'മാനുഷിക ഇടനാഴി' തുറന്നിട്ടുണ്ട്. വൈദ്യ വിദ്യാർഥിയായ നൈജീരിയക്കാരി പ്രസിലിയ വാവ സിറ, ആക്രമണം രൂക്ഷമായ ഖാർകിവിൽ നിന്നാണ് ഇവിടെയെത്തിയത്. ഓരോ മിനിറ്റിലും സ്ഫോടനശബ്ദം കേട്ടുകൊണ്ടാണ് തങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രസിലിയ പറഞ്ഞു. അഭയാർഥികളിൽ ഭൂരിപക്ഷവും പോളണ്ടിലേക്കാണ് എത്തുന്നതെന്നും അവിടെ മൂന്നു ലക്ഷത്തിലധികം ആളുകൾ എത്തിയതായും ഐക്യരാഷ്ട്രസഭ വൃത്തങ്ങൾ പറഞ്ഞു.
ഒരു ലക്ഷത്തോളം ഹംഗറിയിലും അര ലക്ഷത്തോളം പേർ വീതം മൾഡോവയിലും റുമേനിയയിലും ബാക്കി സ്ലോവാക്യയിലും മറ്റു ചില രാജ്യങ്ങളിലും എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.