റോഹിങ്ക്യൻ ക്യാമ്പിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; മൂന്നു കുട്ടികളടക്കം ആറുപേർ മരിച്ചു
text_fieldsധാക്ക: ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർഥികളുടെ ക്യാമ്പിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ദുരന്തത്തിൽ ആറു പേർ മരിച്ചു. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. 5000 പേർ ഭവനരഹിതരായി. നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.
കോക്സ് ബസാർ ജില്ലയിലെ അഭയാർഥി ക്യാമ്പിലാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നാശം വിതച്ചത്. ക്യാമ്പിനു തൊട്ടരികെ ഉരുൾപൊട്ടിയാണ് കൂരകളിൽ വെള്ളം കയറിയത്. മുളയും പ്ലാസ്റ്റിക്കും കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകളാണ് ക്യാമ്പിലുള്ളത്. ഇവ തകർന്നാണ് 5000ത്തോളം പേർ ഭവനരഹിതരായതെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസി (യു.എൻ.എച്ച്.സി.ആർ) അറിയിച്ചു.
'zxതാമസിക്കുന്ന കൂര തകർന്നാണ് രണ്ടു കുട്ടികൾ മരിച്ചതെന്ന് 'സേവ് ദ ചിൽഡ്രൻ' വക്താവ് പറഞ്ഞു. 'വെള്ളം ഇരച്ചെത്തിയപ്പോൾ താമസിക്കുന്ന വീടുകളിൽനിന്ന് ഒന്നുമെടുക്കാൻ കഴിയാതെ ആളുകൾക്ക് ഓടിരക്ഷപ്പെടേണ്ടിവന്നു. ധരിച്ച വസ്ത്രം മാത്രമേ ഇപ്പോൾ അവർക്കുള്ളൂ. അവർക്കിപ്പോൾ ഭക്ഷണവും വ്സത്രവുമടക്കം അടിയന്തര സഹായങ്ങൾ ആവശ്യമുണ്ട്' -റോഹിങ്ക്യ വുമൺ ഡെവലപ്മെന്റ് ഫോറം സ്ഥാപക യാസ്മിൻ അറ പറഞ്ഞു.
നാശനഷ്ടം കണക്കാക്കാനും കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും റോഹിങ്ക്യ വളണ്ടിയർമാർ ഉൾപെടെ അടിയന്തര സംഘങ്ങളുടെ സേവനം തേടിയതായി യു.എൻ.എച്ച്.സി.ആർ അറിയിച്ചു. കോക്സ് ബസാർ ജില്ലയിലെ കുതുപലോങ്, നയപാര എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി ഏഴു ലക്ഷത്തിലധികം റോഹിങ്ക്യൻ വംശജർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണിവിടം. മഴ കനക്കുേമ്പാൾ ഓരോ വർഷവും ഇവർക്ക് മുന്നിയിപ്പുകൾ നൽകുമെങ്കിലും മാറിത്താമസിക്കാൻ മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ ഏതു ദുരന്തങ്ങൾക്കിടയിലും ഇവിടെ തുടരാൻ നിർബന്ധിതരാകുന്നു.
മ്യാന്മറിലെ കലാപകലുഷിതമായ അന്തരീക്ഷത്തിൽ പത്തുലക്ഷത്തോളം റോഹിങ്ക്യൻ മുസ്ലിംകൾക്കാണ് പിറന്ന നാട്ടിൽനിന്ന് പ്രാണരക്ഷാർഥം പലായനം ചെയ്യേണ്ടിവന്നത്. വംശഹത്യയെ തുടർന്ന് ബംഗ്ലാദേശിൽ അഭയം തേടിയ ഏഴരലക്ഷത്തോളം പേരിൽ സ്ത്രീകളും കുട്ടികളുമാണേറെ. ഇവിടെയെത്തിയവരിൽ 40ശതമാനവും 12 വയസ്സിൽ താഴെയുള്ളവരാണെന്നാണ് യു.എൻ.എച്ച്.സി.ആർ കണക്ക്.
തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും പൗരത്വം നൽകുകയും ചെയ്താൽ മ്യാന്മറിലേക്ക് തിരിച്ചുപോകാമെന്ന നിലപാടിലായിരുന്നു റോഹിങ്ക്യകൾ. എന്നാൽ, മ്യാന്മറിൽ പട്ടാള അട്ടിമറി നടന്നതോടെ അതിനുള്ള സാധ്യത ഇപ്പോൾ വിദൂരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.