പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ വംശജനെ കൊന്നുകത്തിച്ച കേസിൽ ആറു പേർക്ക് വധശിക്ഷ
text_fieldsഇസ്‍ലാമാബാദ്: മതനിന്ദ ആരോപിച്ച് പാകിസ്താനിൽ ശ്രീലങ്കൻ വംശജൻ വധിക്കപ്പെട്ട സംഭവത്തിൽ ആറു പേർക്ക് വധശിക്ഷ വിധിച്ച് കോടതി. പാക് പഞ്ചാബിലെ ഭീകര വിരുദ്ധ കോടതിയാണ് ആറു പേർക്ക് വധശിക്ഷയും ഏഴു പേർക്ക് ജീവപര്യന്തം തടവും വിധിച്ചത്. മറ്റു പ്രതികളായ 72 പേർക്ക് രണ്ടു വർഷം കഠിന തടവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതു കൗമാരക്കാരും കഠിന തടവു ലഭിച്ചവരിൽപെടും.
തഹ്‍രീകെ ലബ്ബൈക് പാകിസ്താൻ (എൽ.എൽ.പി) എന്ന തീവ്ര സംഘടനയുടെ അനുഭാവികളായ 800 ഓളം പേരാണ് കഴിഞ്ഞ ഡിസംബർ മൂന്നിന് വസ്ത്ര നിർമാണ ഫാക്ടറി ആക്രമിച്ച് ജനറൽ മാനേജറായ പ്രിയന്ത കുമാരയെ കൊന്നുകത്തിച്ചത്. ലാഹോറിൽനിന്ന് 100 കിലോമീറ്റർ അകലെ സിയാൽകോട്ട് ജില്ലയിലായിരുന്നു സംഭവം.
രാജ്യത്ത് വ്യാപക പ്രതിഷേധവും നടപടിക്കായി മുറവിളിയും ഉയർന്ന സംഭവത്തിൽ അടിയന്തരമായി ശിക്ഷ നടപ്പാക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. വിചാരണ വേഗത്തിലാക്കിയാണ് കോടതി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്.
വധശിക്ഷ വിധിക്കപ്പെട്ടവരും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരും ഇരയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നഷ്ട പരിഹാരവും നൽകണം. വിചാരണ നേരിട്ട 80 പേർക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.