ഇറാനിലെ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയത് ഉപഗ്രഹ നിയന്ത്രിത യന്ത്രത്തോക്കും നിർമിത ബുദ്ധിയും ഉപയോഗിച്ച്
text_fieldsതെഹ്റാൻ: നവംബറിലുണ്ടായ ആക്രമണത്തിൽ ഇറാനിലെ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫഖ്രിസാദയെ വധിച്ചത് നിർമിത ബുദ്ധിയും ഉപഗ്രഹ നിയന്ത്രിത യന്ത്രത്തോക്കും ഉപയോഗിച്ചാണെന്ന് ഇറാൻ സൈനിക ഉദ്യാഗസ്ഥൻ. ഇസ്രായേലാണ് ആക്രമണത്തിന് പിറകിലെന്ന് ഇറാൻ ആരോപിക്കുന്നുണ്ട്. ഇറാെൻറ ആരോപണം ഇസ്രായേൽ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
നിർത്തിയിട്ട ട്രക്കിൽ ഘടിപ്പിച്ച യന്ത്രത്തോക്ക് ഉപഗ്രഹ സഹായത്തോടെ നിയന്ത്രിച്ചാണ് ഫഖ്രിസാദയെ വധിച്ചതെന്നാണ് കരുതുന്നത്. കാറിൽ സഞ്ചരിക്കുേമ്പാഴാണ് ഫഖ്രിസാദ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് അക്രമികളാരും ഉണ്ടായിരുന്നില്ല. ഇതുവരെ ആരെയും ഇറാൻ അറസ്റ്റ് ചെയ്തിട്ടുമില്ല.
നിർമിത ബുദ്ധിയുടെ സഹായവും ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സൂക്ഷമവിശദാംശങ്ങൾ പോലും ഒപ്പിയെടുക്കാനാകുന്ന നൂതന കാമറകളും മുഖം തിരിച്ചറിയുന്ന നിർമിത ബുദ്ധിയുമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഫഖ്രിസാദയുടെ കൂടെ കാറിലുണ്ടായിരുന്ന ഭാര്യക്ക് വെടിയേറ്റിട്ടില്ല. 25 സെൻറിമീറ്റർ മാത്രമാണ് ഇരുവരും തമ്മിലുണ്ടായിരുന്ന അകലം. ഫഖ്രിസാദയെ കൃത്യമായി ലക്ഷ്യം വെച്ച് വെടിയുതിർക്കാൻ നൂതന സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയത്.
13 വെടിയുണ്ടകളാണ് കൊല്ലപ്പെട്ട ഇറാൻ ശാസ്ത്രജ്ഞെൻറ ശരീരത്തിലുണ്ടായിരുന്നത്. ടെഹ്റാനിടടുത്ത ചെറുനഗരമായ അബ്സാർദിലായിരുന്നു ആക്രമണം.
മൊഹ്സിൻ ഫഖ്രിസാദയാണ് ഇറാെൻറ ആണവായുധ ഗവേഷണങ്ങൾ നയിക്കുന്നതെന്ന് ഇസ്രായേലും അമേരിക്കയും ആരോപിച്ചിരുന്നു. ഈ പേർ ഒാർത്തുവെച്ചോളൂ എന്ന് മൊഹ്സിൻ ഫഖ്രിസാദയെ സൂചിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
2010 ന് ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇറാൻ ആണവശാസ്ത്രജ്ഞനാണ് മൊഹ്സിൻ ഫഖ്രിസാദ. 2020 ൽ മാത്രം കൊല്ലപ്പെടുന്ന ഇറാെൻറ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് അദേഹം. ഉന്നത സൈനിക ഉദ്യോഗസ്ഥനായ ഖാസിം സുലൈമാനി കഴിഞ്ഞ ജനുവരിയിൽ ബഗ്ദാദിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. സുലൈമാനിയെ കൃത്യമായി ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു അന്നും നടന്നത്. ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈൽ അയച്ചാണ് അന്ന് ഇറാൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.