പാക് സൈനിക മേധാവിയെ വിമർശിച്ചതിന് ഇംറാൻ ഖാന്റെ പാർട്ടി പ്രവർത്തകർ അറസ്റ്റിൽ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് ഇംറാൻ ഖാന്റെ പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പാകിസ്താന്‍ തെഹ്‌രീകെ-ഇൻസാഫിന്റെ എട്ട് സോഷ്യൽ മീഡിയ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.
സൈനിക മേധാവിയെയും സുപ്രീം കോടതി ജഡ്ജിമാരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു.അപകീർത്തിപ്പെടുത്താന്‍ നേതൃത്വം കൊടുത്ത 50 പ്രതികളുടെ പട്ടിക ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അവരിൽ എട്ട് പേരെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.
പാകിസ്താന്‍ സൈന്യത്തെ അപകീർത്തിപ്പെടുത്താനും സമൂഹത്തിനിടയിൽ സ്ഥാപനത്തെക്കുറിച്ച് ഭിന്നിപ്പുണ്ടാക്കാനും ശ്രമിക്കുന്ന തരത്തിലുള്ള ചില പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചതായി ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് പറഞ്ഞു. പാകിസ്താന്റെ ദേശീയ സുരക്ഷ പവിത്രമാണെന്നും പാകിസ്താൻ സൈന്യം എല്ലായ്‌പ്പോഴും ഭരണകൂട സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും ഐ.എസ്.പി.ആർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.