ബുദ്ധന്റെ നാട്ടിൽനിന്നാണ് വരുന്നത്, യുദ്ധക്കളത്തിൽ പ്രശ്‌നപരിഹാരം കിട്ടില്ല -മോദി
text_fieldsവിയൻഷ്യൻ (ലാവോസ്): യുറേഷ്യയിലും പശ്ചിമേഷ്യയിലും സമാധാനത്തിന് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷ പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് 19ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു.
ബുദ്ധന്റെ നാട്ടിൽനിന്നാണ് വരുന്നതെന്നും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് താൻ ആവർത്തിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പ്രശ്‌നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽനിന്ന് ലഭിക്കില്ല. സംവാദത്തിനും നയതന്ത്രത്തിനും ശക്തമായ ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
‘വിശ്വബന്ധു’ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എല്ലാ ശ്രമങ്ങളും ഇന്ത്യ തുടരും. ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീകരവാദം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിന് മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ശക്തികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
പതിനെട്ട് രാജ്യങ്ങളാണ് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുത്തത്. ഉച്ചകോടിക്കിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മോദി ചർച്ച നടത്തി. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായും ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. നളന്ദ സർവകലാശാലയിൽ നടക്കുന്ന വിദ്യാഭ്യാസ കോൺക്ലേവിലേക്ക് കിഴക്കൻ ഏഷ്യ ഉച്ചകോടി രാജ്യങ്ങളെ മോദി ക്ഷണിച്ചു.
മോദിയും ട്രൂഡോയും കൂടിക്കാഴ്ച നടത്തി
വിയൻഷ്യൻ (ലാവോസ്): ലാവോസിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഖലിസ്ഥാൻ അനുകൂലിയുടെ മരണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഹ്രസ്വമായ ചർച്ചയാണ് നടന്നതെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (സി.ബി.സി ന്യൂസ്) പറഞ്ഞു.
മോദിയുമായി സംസാരിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ട്രൂഡോ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പൗരന്മാരുടെ സുരക്ഷയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതും ഏതൊരു കനേഡിയൻ സർക്കാറിന്റെയും അടിസ്ഥാന ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്നും ട്രൂഡോ പറഞ്ഞു. 2023ൽ സറേ നഗരത്തിൽ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് ട്രൂഡോ ആരോപിച്ചിരുന്നു.
പശ്ചിമേഷ്യയിലെ സുരക്ഷ; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതി മോശമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. തെക്കൻ ലബനാനിലെ ഏറ്റുമുട്ടലുകളിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങൾ കുടുങ്ങിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാജ്യത്തിന്റെ പ്രതികരണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിത നടപടികൾ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.