സൊമാലിയയിൽ ഹോട്ടലിൽ ഭീകരാക്രമണം: 12 പേർ കൊല്ലപ്പെട്ടു
text_fieldsമൊഗാദിശു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിശുവിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി മൊഗാദിശുവിലെ ഹയാത്ത് ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് പുറത്ത് നടന്ന രണ്ട് കാർബോംബ് സ്ഫോടനങ്ങൾക്ക് പിന്നാലെ ഹോട്ടലിലേക്ക് ഇരച്ചുകയറിയ തോക്കുധാരികൾ വെടിവെക്കുകയായിരുന്നു. അൽഖ ഇദയുമായി ബന്ധമുള്ള 'അൽ ശബാബ്' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് ഹോട്ടലിൽ കുടുങ്ങിയ കുട്ടികളും പൗരന്മാരുമടക്കം നിരവധി പേരെ സുരക്ഷ സേന രക്ഷപ്പെടുത്തി. നിരവധി രാഷ്ട്രീയ നേതാക്കളെ ഭീകരർ ബന്ദികളാക്കിയതായും ദൃഷ്സാക്ഷികൾ പറയുന്നു. മേയിൽ ഹസൻ ശൈഖ് മഹ്മൂദ് സൊമാലിയൻ പ്രസിഡന്റായ ശേഷം അൽ ശബാബ് നടത്തുന്ന ആദ്യ ആക്രമണമാണിത്. അൽ ശബാബിനെതിരായ നടപടികൾ സുരക്ഷ സേന കടുപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം. സായുധസംഘത്തെ തകർക്കുമെന്ന് സൊമാലിയൻ പ്രസിഡന്റ് മഹമ്മൂദ് വ്യക്തമാക്കിയിരുന്നു. സർക്കാറിനെ അട്ടിമറിക്കുമെന്ന് അൽ ശബാബ് നേതൃത്വവും പ്രഖ്യാപിച്ചിരുന്നു.
തോക്കുധാരികൾ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കടക്കുന്നതിന് മുമ്പ് ഹോട്ടലിന് പുറത്ത് ബാരിയറിന് സമീപവും ഗേറ്റിലും കാർ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.ശനിയാഴ്ച പുലർച്ചെയും വെടിയൊച്ചകൾ കേൾക്കാമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലിൽ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഭീകരരും സുരക്ഷ സേനയും തമ്മിൽ 20 മണിക്കൂറോളം പോരാട്ടം തുടർന്നതായാണ് റിപ്പോർട്ടുകൾ. ഹോട്ടലിന്റെ മുകൾനിലയിൽ തമ്പടിച്ച ഭീകരരുടെയും ആക്രമണത്തിൽ മരിച്ചവരുടെയും വിവരങ്ങൾ ലഭ്യമല്ല. രാഷ്ട്രീയക്കാർക്കിടയിൽ ഏറെ പ്രചാരമുള്ള ഹോട്ടലാണ് ഹയാത്ത്. . 10 വർഷമായി സൊമാലിയൻ സർക്കാറിനെ താഴെയിറക്കാനുള്ള ശ്രമങ്ങളിലാണ് അൽ ശബാബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.