പാകിസ്താനിൽ തനിക്ക് വധശിക്ഷ വാങ്ങിത്തരാൻ ഒരാൾ ശ്രമിച്ചുവെന്ന് സക്കർബർഗ്; അതിൽ പേടിക്കുന്നില്ലെന്നും വെളിപ്പെടുത്തൽ
text_fieldsന്യൂയോർക്ക്: മതനിന്ദയുടെ പേരിൽ പാകിസ്താനിൽ തന്നെ വധശിക്ഷക്കു വിധിക്കുന്ന സാഹചര്യം നിലനിന്നിരുന്നതായി മെറ്റ സി.ഇ.ഒ മാർക് സക്കർബർഗിന്റെ വെളിപ്പെടുത്തൽ. ഫേസ്ബുക്കിലെ മതനിന്ദയുടെ പേരിൽ മെറ്റ പാകിസ്താനിൽ നേരിട്ട നിയമപ്രശ്നങ്ങളെ കുറിച്ച് ജോ റോഗന്റെ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു സക്കർബർഗിന്റെ വെളിപ്പെടുത്തൽ.
ഫേസ്ബുക്കിൽ പ്രവാചകന്റെ ചിത്രം പങ്കുവെച്ചതിന്റെ പേരിലാണ് പാകിസ്‍താനിൽ തന്നെ വധശിക്ഷക്ക് വിധേയനാക്കാൻ ഒരാൾ ശ്രമിച്ചതെന്നും സക്കർബർഗ് പറഞ്ഞു. പാകിസ്താനിലെ മതനിന്ദ നിയമങ്ങളെ ഒന്നടങ്കം ലംഘിക്കുന്നതായി ഫേസ്ബുക്കിലെ കണ്ടന്റ് എന്നായിരുന്നു കണ്ടെത്തൽ. ആ കേസിന്റെ സ്ഥിതി എന്താണെന്ന് അറിയില്ല. താൻ പാകിസ്താനിലേക്ക് പോകാൻ ഉദ്ദേശിക്കാത്തതിനാൽ അതിനെ കുറിച്ചോർത്ത് പേടിക്കുന്നില്ലെന്നും സക്കർബർഗ് വ്യകതമാക്കി.
ഉള്ളടക്കത്തിന്റെ കാര്യത്തിൽ ടെക് കമ്പനികൾ അഭിമുഖീകരിക്കുന്ന കടുത്ത നിയന്ത്രണങ്ങളെ കുറിച്ചും അദ്ദേഹം പോഡ്കാസ്റ്റിൽ സൂചിപ്പിച്ചു. പല രാജ്യങ്ങളിലെയും സർക്കാരുകൾ ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാതിരുന്നാൽ ഇന്റർപോൾ നോട്ടീസ് ഇറക്കും. നിങ്ങളെ അറസ്റ്റ് ചെയ്യും എന്നാണ് നിലപാട്. അത് ശരിയല്ലെന്നും ആവിഷ്‍കാര സ്വാതന്ത്ര്യമെന്ന വിഷയത്തിലുള്ള കമ്പനിയുടെ നിലപാടും വിധി രാജ്യങ്ങളിലെ മൂല്യങ്ങളും തമ്മിൽ എലപ്പോഴും ഇടയാറുണ്ടെന്നും അമേരിക്കൻ ടെക് കമ്പനികൾക്ക് വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കണമെങ്കിൽ യു.എസ് സർക്കാറിന്റെ പിന്തുണ വേണമെന്നും സക്കർബർഗ് പറഞ്ഞു.
പാക് കോടതിയിൽ ദൈവനിന്ദ ആരോപണം തെളിഞ്ഞാൽ വധശിക്ഷയടക്കമുള്ള ശിക്ഷകളാണ് നേരിടേണ്ടി വരിക. പ്രാദേശിക ചട്ടങ്ങളും സാംസ്കാരിക മൂല്യങ്ങളും വിലമതിക്കുകയും ഒരാളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതിനാണ് മെറ്റ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ഓരോ രാജ്യത്തെയും നിയമങ്ങളുമായി ഞങ്ങളുടെ ആശയങ്ങൾ ചേർന്നുപോകണമെന്നില്ലെന്നും സക്കർബർഗ് പോഡ്കാസ്റ്റിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.