റഫയിലെ ഇസ്രായേൽ അധിനിവേശം നിർത്താൻ ഉത്തരവിറക്കണമെന്ന് ഐ.സി.ജെയോട് ദക്ഷിണാഫ്രിക്ക
text_fieldsഹേഗ്: റഫയിലെ ഇസ്രായേൽ അധിനിവേശം നിർത്താൻ അടിയന്തരമായി ഉത്തരവിറക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ദക്ഷിണാഫ്രിക്ക. ഗസ്സയിലെ സൈനിക നടപടികൾ പൂർണമായും നിർത്താനും ഐ.സി.ജെ ഇസ്രായേലിനോട് ആവശ്യപ്പെടണം. അന്താരാഷ്ട്ര അന്വേഷകർക്കും മാധ്യമപ്രവർത്തകർക്കും മേഖലയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.സി.ജെയിലെ ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകൻ വോൺ ലോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഫയിലെ അധിനിവേശം നിർത്താനായി അടിയന്തര ഉത്തരവ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഏഴ് മാസം പിന്നിട്ട ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് 35,000ത്തോളം പേർ മരിച്ചുവെന്നും ഗസ്സ നാമാവശേഷമായെന്നും വോൺ ലോ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ ഗസ്സ സ്വദേശികളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ഭക്ഷണവും മരുന്നുകളും മറ്റ് സഹായവും അവർക്ക് നൽകാനായി അടിയന്തരമായി വെടിനിർത്തൽ വേണമെന്നും ദക്ഷിണാഫ്രിക്കൻ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി ഇപ്പോൾ ഇടപ്പെട്ടില്ലെങ്കിൽ ഗസ്സയുടെ പുനർനിർമാണം ഒരിക്കലും സാധ്യമാകാതെ വരുമെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. റഫയിലെ ഇസ്രായേൽ ആക്രമണം ഫലസ്തീൻ ജീവതത്തിന്റെ അടിത്തറ തന്നെ തകർക്കുമെന്നും വോൺ ലോ പറഞ്ഞു. സ്വതന്ത്രാന്വേഷകരേയും മാധ്യമപ്രവർത്തകരേയും ഇസ്രായേൽ തടയുന്നത് മൂലം ഗസ്സയിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നില്ല.
ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടങ്ങിയതിന് ശേഷം 100ഓളം മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അന്വേഷകരേയും മാധ്യമപ്രവർത്തകരേയും ഇസ്രായേൽ തടയരുതെന്നും വോൺ ലോ ആവശ്യപ്പെട്ടു. അതേസമയം, ദക്ഷിണാഫ്രിക്കയുടേത് പക്ഷപാതപരമായ തെറ്റായ വാദങ്ങളാണെന്നായിരുന്നു ഇസ്രായേൽ വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം. ഹമാസിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് അവർ വാദങ്ങൾ ഉന്നയിച്ചതെന്നും ദക്ഷിണാഫ്രിക്കയുടെ ആവശ്യം കോടതി നിരാകരിക്കണമെന്നും ഇസ്രായേൽ അഭ്യർഥിച്ചു. സിവിലയൻമാരുടെ മരണം പരമാവധി കുറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
ജനുവരിയിൽ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അവിടെ വംശഹത്യ നടത്തരുതെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. മാർച്ചിൽ ഫലസ്തീൻ ജനതക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കാൻ ഇസ്രായേൽ തയാറാവണമെന്നും കോടതി നിർദേശിച്ചിരുന്നു. വലിയ ക്ഷാമമാണ് ഗസ്സ നേരിടാൻ പോകുന്നതെന്നും അന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.