ദക്ഷിണാഫ്രിക്കയിൽ മുൻ പ്രസിഡന്‍റ് സുമയുടെ അറസ്റ്റിനെ ചൊല്ലി കലാപം പടരുന്നു; മരണം 70ലേറെ
text_fieldsജൊഹാനസ്ബർഗ്: മുൻ പ്രസിഡന്‍റ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതൽ മേഖലകളിലേക്ക്. കവർച്ചയും കൊലയും നഗരങ്ങളെ മുൾമുനയിലാക്കിയ രാജ്യത്ത് ഇതിനകം 72 പേർ കൊല്ലെപ്പട്ടു. സമാധാനത്തിന് ആഹ്വാനം ചെയ്തും തെരുവുകളിൽ സൈന്യത്തെ വിന്യസിച്ചും സർക്കാർ രംഗത്തുണ്ടെങ്കിലും കലാപം പടരുകയാണ്. അപാർത്തീഡ് ഭരണം അവസാനിച്ച് 27 വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക കടുത്ത ആഭ്യന്തര സംഘർഷത്തിലേക്ക് നീങ്ങിയതെന്ന് പ്രസിഡന്‍റ് സിറിൽ റാമഫോസ പറഞ്ഞു.
കലാപശ്രമത്തിന് 1,300 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാൾ കവർച്ചക്കെത്തിയ ആൾക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് 10പേരും വെയർഹൗസ് കവർച്ചക്കിടെ ചരക്കുകൾ വീണ് നിരവധി പേരും മരിച്ചതായി പൊലീസ് പറഞ്ഞു. സുമയുടെ അനുയായികളാണ് അതിക്രമങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.
റോഡുകളിൽ വാഹന ഗതാഗതം മുടക്കിയും വെയർഹൗസുകൾ കൊള്ളയടിച്ചും നഗരങ്ങളിൽ തീയിട്ടും അക്രമി സംഘം വാഴുന്നത് രാജ്യത്തെ ജനജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. കോവിഡ് വാക്സിനേഷൻ പലയിടത്തും നിർത്തിവെച്ച നിലയിലാണ്. അതിനിടെ, വാക്സിൻ സൂക്ഷിച്ച ഒരു ക്ലിനിക്കിലും കവർച്ച നടന്നു. കടകളിൽ ജനം കൂട്ടമായി കയറി കവർച്ച നടത്തുന്നതാണ് ഏറ്റവും വലിയ ഭീഷണിയാകുന്നത്. തിങ്കളാഴ്ച മാത്രം 200ലേറെ മാളുകൾ കവർച്ചക്കിരയായി.
നെൽസൺ മണ്ടേലയുടെ നാടായ സൊവേറ്റോയിൽ നിരവധി ഷോപ്പിങ് സെന്‍ററുകളിലും അക്രമിസംഘം കയറിയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.