മോദിക്കെതിരേ വാർത്ത നൽകിയതിന് സൈബർ ആക്രമണത്തിന് ഇരയായെന്ന് ദക്ഷിണാഫ്രിക്കൻ വെബ്‌സൈറ്റ്
text_fieldsഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി വാർത്ത നൽകിയതിന്‍റെ പേരിൽ തങ്ങൾക്കെതിരേ സൈബർ ആക്രമണമെന്ന് ദക്ഷിണാഫ്രിക്കൻ വാർത്താ വെബ്‌സൈറ്റ്. ഡെയ്‌ലി മാവറിക് എന്ന സൈറ്റാണ് ആരോപണവുമായി രംഗത്തുവന്നത്. ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി മോദി ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണുള്ളത്. മോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയും അവിടെവച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് എത്തിയപ്പോൾ പ്രസിഡന്റ് തന്നെ നേരിട്ട് സ്വാഗതം ചെയ്യാത്തതിൽ മോദിക്ക് അതൃപ്തിയുണ്ടെന്നാണ് വെബ്‌സൈറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വാർത്ത വന്നതിനുശേഷം ബുധനാഴ്ച (ഓഗസ്റ്റ് 23) സൈബർ ആക്രമണത്തിന് വിധേയമായതായി വെബ്‌സൈറ്റ് പറയുന്നു. പ്രസിഡന്‍റ് നേരിട്ട് എത്താത്തത് കാരണം മോദി വിമാനത്തിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ചെന്നും വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
‘കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങളുടെ സൈറ്റ് പെട്ടെന്ന് പ്രവർത്തനരഹിതമായി. അന്വേഷിച്ചപ്പോൾ ആക്രമണം ഇന്ത്യൻ സെർവറുകളിൽ നിന്നാണ് വരുന്നതെന്ന് കണ്ടെത്തി’ -ഡെയ്‌ലി മാവെറിക്കിന്റെ സുരക്ഷാ കോർഡിനേറ്റർ ബുധനാഴ്ച രാത്രി പറഞ്ഞു.
മോദി ദക്ഷിണാഫ്രിക്കയിലെ വാട്ടർക്ലോഫ് എയർഫോഴ്‌സ് ബേസിലാണ് വിമാനം ഇറങ്ങിയത്. പ്രസിഡന്റ് സിറിൽ റാംഫോസക്ക് പകരം സ്വീകരിക്കാനെത്തിയത് കാബിനറ്റ് മന്ത്രിയാണെന്ന് അറിഞ്ഞ് മോദി വിമാനത്തിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ചു എന്നാണ് വാർത്തകൾ വന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ റാംഫോസ നേരിട്ട് സ്വീകരിച്ചതും മോദിക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ആക്രമണം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, വെബ്‌സൈറ്റ് തിരികെ കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് ഡെയ്‌ലി മാവെറിക് അധികൃതർ പറയുന്നു. നിലവിൽ ഇന്ത്യയിൽ നിന്ന് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയില്ല. ഡെയ്‌ലി മാവെറിക് ലേഖനം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുന്നുണ്ട്. എന്നാൽ സൈബർ ആക്രമണം ശക്തമാണ്’ -ഡെയ്‌ലി മാവെറിക്കിന്റെ എഡിറ്റർ-ഇൻ-ചീഫ് ബ്രാങ്കോ ബ്രുകിക് പറഞ്ഞു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മോദി സന്ദർശനത്തിന് മുന്നേ പറഞ്ഞിരുന്നു. ആഗോള തെക്കന്‍ രാജ്യങ്ങളുടെ ശബ്ദം ശക്തിപ്പെടുത്താന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു. ബ്രിക്‌സ് കൂട്ടായ്മ വിപുലപ്പെടുത്താൻ ഇന്ത്യക്ക് സമ്മതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.