തെക്കൻ ചൈന കടൽ: ഏറ്റുമുട്ടൽ ഒഴിവാക്കാൻ കരാറിൽ ഒപ്പിട്ട് ചൈനയും ഫിലിപ്പീൻസും
text_fieldsമനില: തെക്കൻ ചൈന കടലിന്റെ അവകാശവാദം സംബന്ധിച്ച് ഏറ്റുമുട്ടൽ ഒഴിവാക്കാൻ പുതിയ കരാറിൽ ഒപ്പുവെച്ച് ചൈനയും ഫിലിപ്പീൻസും. ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിൽ മനിലയിൽ നടത്തിയ നിരവധി കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഉടമ്പടിയിലെത്തിയത്. കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തെക്കൻ ചൈന കടലിലെ സെക്കൻഡ് തോമസ് ഷോൾ ഭാഗത്ത് പരസ്പരം സ്വീകാര്യമായ ക്രമീകരണം സ്ഥാപിക്കുകയാണ് കരാറിന്റെ ലക്ഷ്യം.
എന്നാൽ, കരാർ എങ്ങനെ വിജയകരമായി നടപ്പാക്കുമെന്നും എത്രകാലം നിലനിൽക്കുമെന്നുമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. സെക്കൻഡ് തോമസ് ഷോൾ ഫിലിപ്പീൻസിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ, ചൈനയും ഈ മേഖലയുടെ അവകാശവാദമുന്നയിക്കുന്നുണ്ട്.
ഷോളിലെ ഔട്ട്‌പോസ്റ്റിൽ ഫിലിപ്പീൻസ് നാവികസേനാംഗങ്ങൾക്ക് ഭക്ഷണവും മറ്റു സാധനങ്ങളും എത്തിക്കുന്നത് ജലപീരങ്കികളും അപകടകരമായ മറ്റു പല സംവിധാനങ്ങളും ഉപയോഗിച്ച് ചൈനീസ് തീരദേശ സേന തടയാറുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം കടുത്ത സംഘർഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ഉയർത്തിയിരുന്നു.
തെക്കൻ ചൈന കടലിലെ അവകാശവാദം സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചൈന തർക്കത്തിലാണ്. മറ്റു രാജ്യങ്ങളുമായും ചൈന സമാനമായ കരാറിലെത്തിയാൽ വർഷങ്ങളായി മേഖലയിൽ നിലനിന്നിരുന്ന ഏറ്റുമുട്ടലുകൾക്ക് വിരാമമാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.