മൂട്ടകടിയേറ്റ് വലഞ്ഞ് ദക്ഷിണ കൊറിയക്കാർ; മൂന്നാഴ്ചത്തെ 'മൂട്ടവേട്ട' പ്രഖ്യാപിച്ച് സർക്കാർ
text_fieldsസോൾ: മൂട്ടകടിയേറ്റ് പൊറുതിമുട്ടി ദക്ഷിണകൊറിയക്കാർ. വിവിധ നഗരങ്ങളിൽ മൂട്ടകളുടെ എണ്ണം ക്രമാതീതമായി പെരുകുകയും ജനങ്ങൾക്ക് വീടുകൾക്കുള്ളിൽ പോലും സമാധാനമായി കഴിയാൻ സാധിക്കാതാവുകയും ചെയ്തതോടെ മൂന്നാഴ്ചത്തെ 'മൂട്ടവേട്ട' പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. ഇക്കാലയളവിൽ രാജ്യവ്യാപകമായി മൂട്ടയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും.
മൂട്ടകടിയേൽക്കുന്നത് കൂടാതെ ഇതുമൂലമുള്ള രോഗപ്പകർച്ചാസാധ്യതയും കാരണം ജനങ്ങൾ ഭീതിയിലായിരുന്നു. ഇതോടെയാണ് നവംബർ 13 മുതൽ ഡിസംബർ എട്ട് വരെയുള്ള തീവ്രപ്രതിരോധ യജ്ഞത്തിന് സർക്കാർ തീരുമാനിച്ചത്. പൊതുഗതാഗത സൗകര്യങ്ങൾ, ഡോർമിറ്ററികൾ, ഹോട്ടലുകൾ മുതലായവ കേന്ദ്രീകരിച്ച് മൂട്ടനശീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും.
രാജ്യതലസ്ഥാനമായ സോളിൽ മാത്രം 17 ഇടങ്ങളിൽ മൂട്ടകളുടെ ഔട്ട്ബ്രേക് സംഭവിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം. മൂട്ടയെ നശിപ്പിക്കാനായി 500 മില്യൺ വോൺ നീക്കിവെക്കുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബറിൽ ദെയ്ഗു നഗരത്തിലെ ഒരു സർവകലാശാലയിലാണ് ആദ്യമായി മൂട്ടകളുടെ വ്യാപക സാന്നിധ്യമുണ്ടായത്. മറ്റിടങ്ങളിലും സമാനമായി മൂട്ടകൾ പെരുകുകയാണ്. മൂട്ടകളെ പേടിച്ച് സിനിമ തിയറ്ററുകളിലെത്താനും പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും കൊറിയക്കാർ മടിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സോളിൽ 'സീറോ ബെഡ്ബഗ് പ്രൊജക്ട്' ആണ് അധികൃതർ നടപ്പാക്കുന്നത്. മൂട്ടകളുടെ വ്യാപനം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യാനായി പ്രത്യേക കോൾ സെന്‍റർ തുറന്നു. ഇതുവഴി പൊതുജനങ്ങൾക്ക് അധികൃതരെ വിവരമറിയിക്കാം.
നേരത്തെ, ഫ്രാൻസിലും യു.കെയിലും സമാനമായ രീതിയിൽ മൂട്ടകളുടെ വ്യാപനമുണ്ടാവുകയും അധികൃതർ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.