അടച്ചിട്ട് വീട്ടിലിരിക്കുന്ന കുട്ടികൾ കൂടുന്നു; പുറത്തിറങ്ങുന്നവർക്ക് പ്രതിമാസം 40,000 രൂപ വാഗ്ദാനവുമായി ദക്ഷിണ കൊറിയ
text_fieldsമാതാപിതാക്കളിൽനിന്നും കുടുംബത്തിൽനിന്നും ഒറ്റപ്പെട്ട് വീട്ടിനുള്ളിൽ അടച്ചിട്ട് കഴിയുന്ന പ്രവണത വർധിച്ചുവരുന്ന ദക്ഷിണ കൊറിയയിൽ അടിയന്തര നടപടിയുമായി സർക്കാർ. ഒമ്പതിനും 24നുമിടയിൽ പ്രായക്കാരായ, വീട്ടിനുള്ളിൽ അടച്ചിട്ടുകഴിയുന്നവർ പഠനത്തിനും മറ്റുമായി പുറത്തിറങ്ങിയാൽ പ്രതിമാസം ആറര ലക്ഷം വോൻ (ഏകദേശം 40,000 രൂപ) വീതം നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. കോവിഡിനു ശേഷം രാജ്യത്ത് ഉൾവലിയുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. തൊഴിൽ മേഖലയിൽ എത്തിപ്പെടുന്നവരുടെ സംഖ്യയും വൻതോതിൽ കുറഞ്ഞുവരുന്നുണ്ട്.
രാജ്യത്തെ ജനസംഖ്യയിൽ 19നും 39നുമിടയിലുള്ളവരിൽ മൂന്നു ശതമാനത്തോളം പേർ ഒറ്റപ്പെട്ട് ഏകാകികളായി കഴിയുന്നവരാണെന്നാണ് കണക്ക്- ഏകദേശം മൂന്നര ലക്ഷം പേർ. സാമൂഹിക അരക്ഷിതാവസ്ഥ, മാനസിക സമ്മർദം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ കാരണമാകുന്നതായി കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് സോഷ്യൽ അഫയേഴ്സ് പറയുന്നു.
ജനസംഖ്യയിൽ വയോജനങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ മുന്നിലാണ് ദക്ഷിണ കൊറിയ. കുട്ടികളുടെ ജനസംഖ്യ പ്രാതിനിധ്യം കുറഞ്ഞുവരുന്നതും ഭീഷണിയാണ്. ജനന നിരക്ക് ഉയർത്താനുള്ള ബോധവത്കരണത്തിനും മറ്റു നടപടികൾക്കുമായി ഇതിനകം 20,000 കോടി ഡോളർ സർക്കാർ ചെലവിട്ടിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.
ഒരു സ്ത്രീക്ക് പിറക്കുന്ന കുഞ്ഞിന്റെ ശരാശരി കഴിഞ്ഞ വർഷം 0.78 ശതമാനമായി താണിരുന്നു. ലോകത്ത് ഒന്നിനും താഴെ ജനനനിരക്കുള്ള ഏക രാജ്യമാണ് നിലവിൽ ദക്ഷിണ കൊറിയ. കുട്ടികളെ വളർത്താനുള്ള ചെലവുൾപ്പെടെ ഏറെ കൂടുതലായതാണ് പലരെയും പിന്തിരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.