നൂറ്റാണ്ട് പഴക്കമുള്ള വൈരം മറക്കാൻ ദക്ഷിണ കൊറിയയും ജപ്പാനും തമ്മിൽ ചർച്ച
text_fieldsടോക്യോ: നൂറ്റാണ്ട് പഴക്കമുള്ള വൈരം മറക്കാൻ ദക്ഷിണ കൊറിയയും ജപ്പാനും തമ്മിൽ ചർച്ച. കഴിഞ്ഞ ദിവസം ടോക്യോവിൽ തുടങ്ങിയ ദക്ഷിണ കൊറിയ-ജപ്പാൻ ഉച്ചകോടിയിൽ, നേതാക്കൾ കൃത്യമായ ഇടവേളകളിൽ രണ്ടു രാജ്യങ്ങളും സന്ദർശിക്കാനും വ്യാപാര തർക്കങ്ങൾ പരിഹരിക്കാനും തീരുമാനമായി. ചൈനക്കും വടക്കൻ കൊറിയക്കുമെതിരായ ഐക്യമായി ഇരു രാഷ്ട്രങ്ങളുടെയും ബന്ധം മാറുമെന്നാണ് വിലയിരുത്തൽ.
രണ്ടു രാജ്യങ്ങളും അമേരിക്കയുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഊഷ്മളമായ ബന്ധം പുലരേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക് യോളും സംസാരിച്ചത്. ഉച്ചകോടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തി.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആണ് പരീക്ഷിച്ചത്. ഇത് 1,000ത്തോളം കിലോമീറ്റർ സഞ്ചരിച്ച് ജപ്പാന്റെ പടിഞ്ഞാറുഭാഗത്തെ കടലിൽ പതിച്ചു. ഒരാഴ്ചക്കിടെ ഇതു നാലാംതവണയാണ് പ്യോങ്യാങ് മിസൈൽ തൊടുക്കുന്നത്. ദക്ഷിണ കൊറിയ 1910 മുതൽ രണ്ടാം ലോകയുദ്ധത്തിന്റെ ഒടുക്കം വരെ ജപ്പാന്റെ കോളനിയായിരുന്നു. ഈ കാലഘട്ടത്തിൽ ജപ്പാൻ സൈന്യം കൊറിയൻ ജനതയോട് കാണിച്ച ക്രൂരതക്ക് കണക്കില്ല.
നിരവധി കൊറിയക്കാർക്ക് ഖനികളിലും ഫാക്ടറികളിലും നിർബന്ധിതമായി അടിമകളെപ്പോലെ ജോലി ചെയ്യേണ്ടി വന്നു. സ്ത്രീകളെ ജപ്പാൻ സൈന്യം ലൈംഗിക അടിമകളാക്കി. ഇതിന്റെയെല്ലാം വേദനിപ്പിക്കുന്ന ഓർമകൾ ഇപ്പോഴും ദക്ഷിണ കൊറിയക്കാർക്കുണ്ട്. വടക്കുകിഴക്കൻ ഏഷ്യയുടെ സുരക്ഷക്കായി ചരിത്ര പാഠങ്ങൾ തൽക്കാലം മാറ്റിവെക്കണമെന്നാണ് കൊറിയൻ പ്രസിഡന്റ് യൂനിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.