ദക്ഷിണ കൊറിയൻ ആക്ടിങ് പ്രസിഡന്റ് ഇംപീച്ച്മെന്റിലേക്ക്
text_fieldsസിയോൾ: ദക്ഷിണ കൊറിയൻ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂവിനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്ത് പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും. 300 അംഗ പാർലമെന്റിലെ 192 നിയമ നിർമാതാക്കൾ വെള്ളിയാഴ്ച ഹാനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. അതേസമയം ഭരണകക്ഷി രാഷ്ട്രീയക്കാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്ന ദക്ഷിണ കൊറിയ 2007-2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കറൻസിയിൽ വൻ തകർച്ച നേരിടുകയാണ്. പ്രസിഡന്റ് യൂൻ സുക് യോൾ ഡിസംബർ 3ന് ഹ്രസ്വകാല സൈനിക നിയമം ഏർപ്പെടുത്തിയതിന്റെ പേരിൽ ഡിസംബർ 14ന് ഇംപീച്ച് ചെയ്യപ്പെട്ടതിനുശേഷം, പ്രധാനമന്ത്രിയായ ഹാൻ ആക്ടിങ് പ്രസിഡന്റായി തുടരുകയാണ്.
ഹാനിന്റെ ഇംപീച്ച്‌മെന്റിനുശേഷം ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് ധനമന്ത്രി ചോയ് സാങ് മോക്കാണ് ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടത്. ഭരണഘടനാ കോടതിയിലെ ഒഴിവുകൾ നികത്താൻ മൂന്ന് ജസ്റ്റിസുമാരെ ഉടൻ നിയമിക്കാത്തതിനെ തുടർന്ന് പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയാണ് ഹാന്റെ ഇംപീച്ച്മെന്റ് മുന്നോട്ടുവെച്ചത്.
ഭൂരിപക്ഷ അംഗങ്ങളുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള പാർലമെന്റ് ഇതിനകം മൂന്ന് നോമിനികളെ പിന്തുണച്ചു. എന്നാൽ, നിയമനങ്ങളിൽ ഉഭയകക്ഷി ധാരണയില്ലെങ്കിൽ അവരെ ഔദ്യോഗികമായി നിയമിക്കാനാവില്ല. ആക്ടിംഗ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ കേവല ഭൂരിപക്ഷമോ മൂന്നിൽ രണ്ട് വോട്ടോ വേണമോ എന്ന കാര്യത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികളും ചില ഭരണഘടനാ വിദഗ്ധരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്.
ഹാനെ ഇംപീച്ച് ചെയ്യാൻ കേവല ഭൂരിപക്ഷം മാത്രമേ ആവശ്യമുള്ളൂവെന്ന് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് സ്പീക്കർ വൂ വോൺ ഷിക്ക് പറഞ്ഞു. ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടിയിലുള്ളവർ ഇംപീച്ച്‌മെന്റിനെതിരെ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.