ചൈനയിൽ ഭൂചലനത്തിൽ 21 മരണം; ലോക്ഡൗണിലായ ചെങ്ഡുവിൽ ഇരട്ടദുരിതം
text_fieldsബെയ്ജിങ്: ചൈനയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 21 മരണം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ലുഡിങ് കൗണ്ടിയിൽ തിങ്കളാഴ്ച പ്രാദേശികസമയം ഉച്ച 12.25 ഓടെയായിരുന്നു ഭൂചലനമെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
വരൾച്ചയും കോവിഡ് കേസുകളും പ്രവിശ്യയിൽ പിടിമുറുക്കുന്നതിനിടെയാണ് ഭൂകമ്പം കൂടി ഭീഷണിയായത്. ജൂണിൽ സിചുവാൻ മേഖലയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് മാസങ്ങൾക്ക് ശേഷമാണ് പുതിയ ദുരന്തം. ലുഡിങ് കൗണ്ടിയിൽനിന്ന് 39 കിലോമീറ്റർ ദൂരെയാണ് പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിൽനിന്ന് 226 കിലോമീറ്റർ അകലെ സിചുവാൻ തലസ്ഥാനമായ ചെങ്ഡുവിലടക്കം പ്രകമ്പനം അനുഭവപ്പെട്ടു.
തിബത്തിനോട് ചേർന്നാണ് സിചുവാൻ പ്രവിശ്യ. തിബത്തൻ പീഠഭൂമിയുടെ കിഴക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്നതിനാൽ ഭൂകമ്പസാധ്യതയുള്ള പ്രദേശമാണ് സിചുവാൻ. വർധിച്ചുവരുന്ന കേസുകൾ കാരണം ചെങ്ഡു വെള്ളിയാഴ്ച മുതൽ ലോക്ഡൗണിലാണ്. അതിൽ ജനങ്ങൾക്ക് വീടുവിട്ട് പുറത്തിറങ്ങാൻ അനുവാദമില്ല. 2.1 കോടി ജനങ്ങളുള്ള ചെങ്ഡുവിൽ മാത്രം ആഗസ്റ്റ് പകുതി മുതൽ 1000ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
140 കോടി ജനസംഖ്യയുള്ള രാജ്യത്ത് തിങ്കളാഴ്ച 1552 പുതിയ കേസുകൾ ചൈന റിപ്പോർട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. സിചുവാൻ പ്രവിശ്യ കടുത്ത വരൾച്ചയുടെ പിടിയിലാണ്. കൂടാതെ ചൈനയിൽ വ്യാപകമായി ഉഷ്ണതരംഗ ഭീഷണിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.